Total Pageviews

ബിനു തിരുമല

ബിനു തിരുമല

Sunday, 18 August 2013

ശിൽപം (കവിത)


                               ശിൽപം 


കുങ്കുമതിലകം ചാർത്തി നെറുകയിൽ 

കയിക്കുംബിളുമായി മമസഖി വന്നാട്ടേ 

അരുണിമ പുതയുമ മഞ്ജുള വദനം

കതിരൊളി നിറമായ്‌ നിന്നാട്ടെ


സഹസ്ര സിന്ദൂര സന്ധ്യകൾ ചാലിച്ച 

സായാഹ്നസുന്ദര പുഷ്പമേ

നീലനിശീധിനി തൻ നിലാവിലെ 

നിതാന്ത നിരുപമ ലാവണ്യമേ


ഇരമ്പുന്നു മന്മഥ മലരംബെന്നപോൽ

അലയാഴിയൊഴുകുന്നു നിൻ  മിഴിയേ 

പുലമ്പുന്നു കനകച്ചിലംബെന്നപോൽ 

നിൻ വായ്ത്താരിയിന്നീവഴിയെ


വെണ്‍നുര പാദം തലോടിപ്പാടി

തരളിതതളിരേ  മാരിക്കുളിരേ

നറുമൊഴിയുതിരും കോകിലകൂചനം

ശ്രുതിലയലളിതേ സ്വരസാരെ


നിൻചൊടിയിലഞ്ജിത പുഞ്ഞിരിയുണരും

സുസ്മിത സ്പന്ദന ചാരുസുധേ

അഴകെഴും കടമിഴിവണ്ടിണ തഴുകും

ചഞ്ചല ചടുലത നയനനിധേ


കളഭിത സുരഭില മലരൊളിയുതിരും

ചന്ദന വദനേ ചാരുലതേ

അസുലഭ മധുമൊഴി അതിലൊരു നിർവൃതി

നിളപോൽ നിർമ്മല കവിതേ

                                                                                     

                                                       ബിനു തിരുമല          




Friday, 9 August 2013

എന്റെ ഇഷ്ടപെട്ട വരികളിൽ ഒന്ന്

എന്റെ  ഇഷ്ടപെട്ട വരികളിൽ ഒന്ന്

 

http://www.youtube.com/watch?v=DrmeOU9VkAk

കുന്നത്തൊരു കാവുണ്ട് ...
കാവിനടുത്തൊരു മരമുണ്ട് ...
മരത്തിൽ നിറയെ പൂവുണ്ട് ...
പൂപറിക്കാൻ പോരുന്നോ ...

പൂങ്കുയിലേ പെണ്ണാളെ .....
പൂങ്കുയിലേ പെണ്ണാളെ ......

അച്ഛൻ കാവില് പോയാല് ...
അമ്മ വിരുന്നു  പോയാല് ...
ആടിപാടാൻ പോരാമോ ...
പൂങ്കുയിലേ പെണ്ണാളെ ......
പൂങ്കുയിലേ പെണ്ണാളെ ......

Wednesday, 7 August 2013

എന്റെ ഈദ് ആശംസകൾ


ഈദ് ആശംസകൾ 

നീട്ടുന്നീ   കൈകൾ  ഞാൻ  നാഥാ  മടക്കല്ലേ ...

നീട്ടാതെ  ഉത്തരം  നല്കിടാൻ മടിക്കല്ലേ ...

നേർവഴി  കാട്ടാതെ  ഇരുട്ടിൽ  നടത്തല്ലെ ...

നഷ്ടപെട്ട  കൂട്ടരിൽ  ഞങ്ങളെ പെടുത്തല്ലേ ...


                                            എന്റെ  ഈദ്  ആശംസകൾ 
                                               
                                                                           ബിനു  തിരുമല 

Monday, 5 August 2013

വയലാര്‍ രാമവര്‍മ ============ മാര്‍ച്ച് 25- അനശ്വരകവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ എണ്‍മ്പത്തിയഞ്ചം ജന്മവര്‍ഷദിനം. എം.കെ.സാനു ഓര്‍മിക്കുന്നു. (കുപ്പിച്ചില്ലുകളും റോസാദലങ്ങളും എന്ന പുസ്തകത്തില്‍ നിന്ന്)

വയലാര്‍ രാമവര്‍മ ============ മാര്‍ച്ച് 25- അനശ്വരകവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ എണ്‍മ്പത്തിയഞ്ചം ജന്മവര്‍ഷദിനം. എം.കെ.സാനു ഓര്‍മിക്കുന്നു. (കുപ്പിച്ചില്ലുകളും റോസാദലങ്ങളും എന്ന പുസ്തകത്തില്‍ നിന്ന്)

വയലാര്‍ രാമവര്‍മ ============ മാര്‍ച്ച് 25- അനശ്വരകവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ എണ്‍മ്പത്തിയഞ്ചം ജന്മവര്‍ഷദിനം. എം.കെ.സാനു ഓര്‍മിക്കുന്നു. (കുപ്പിച്ചില്ലുകളും റോസാദലങ്ങളും എന്ന പുസ്തകത്തില്‍ നിന്ന്) ========================================== ഒന്ന് വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. എഴുപതുകളുടെ പ്രാരംഭഘട്ടമാണെന്നുമാത്രമറിയാം. അന്നത്തെ സംഭവങ്ങള്‍ മറവിയിലാണ്ടുപോകാതെ എപ്പോഴും മനസ്സില്‍ തെളിഞ്ഞു നില്ക്കുന്നു. കൊല്ലത്തിനടുത്ത് മയ്യനാട് എന്ന സ്ഥലത്ത് ഒരു വലിയ സാഹിത്യസമ്മേളനം. വിഷയം കുമാരനാശാന്റെ കവിത. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ഇ.എം.എസ്. അധ്യക്ഷന്‍ പ്രൊഫ. എന്‍. കൃഷ്ണപിള്ള. തകഴി, കെ.ബാലകൃഷ്ണന്‍, വയലാര്‍ രാമവര്‍മ എന്നിവരോടൊപ്പം പ്രസംഗിക്കുന്നതിന് ഞാനും ചെല്ലണം. മയ്യനാട്ടുനിന്ന് ഭാരവാഹികള്‍ വന്ന് നേരില്‍ ക്ഷണിച്ചു. അതിനുപുറമെ ശിപാര്‍ശകളും, പതിവിന്‍പടി ഉണ്ടായി. കെ. ബാലകൃഷ്ണന്‍ കത്തെഴുതുകയാണ് ചെയ്തതെങ്കില്‍, വയലാര്‍ രാമവര്‍മ നേരിട്ട് എറണാകുളത്തുവരികതന്നെ ചെയ്തു. ഒരു സായാഹ്നത്തിലാണ് അദ്ദേഹം എന്റെ വീട്ടില്‍ വരുന്നത്. സമീപത്തുള്ള ഒരു ധനികഗൃഹത്തില്‍നിന്ന് അവിടത്തെ വാല്യക്കാരന്‍ ആദ്യം ഒരു കത്തുമായി വന്നു. വയലാര്‍ രാമവര്‍മയുടെ കത്ത്. ഞാന്‍ വീട്ടിലിരിക്കുമെങ്കില്‍ വരാമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. പക്ഷേ, ഞാന്‍ അങ്ങോട്ടു ചെല്ലണമെന്ന് അദ്ദേഹത്തിന്റെ ആതിഥേയന്‍ ആ വാല്യക്കാരനോട് പറഞ്ഞയയ്ക്കുകയും ചെയ്തിരുന്നു. ‘എങ്ങനെ വേണമെങ്കിലുമാകാം, അങ്ങോട്ടുവരാന്‍ ഞാന്‍ സന്നദ്ധനാണ്’, എന്ന് ഞാന്‍ കുറിച്ചുകൊടുത്തുവിട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ വയലാര്‍ രാമവര്‍മ ഒരു കാറില്‍ എന്റെ വീടിന്റെ മുന്‍വശം വന്നിറങ്ങി. ‘ഒരു തടസ്സവും പറയരുത്. മയ്യനാട് വന്നേ തീരൂ,’ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ സമ്മതിച്ചുകഴിഞ്ഞല്ലോ,’ ഞാന്‍ പറഞ്ഞു. ‘ഇനി ശിപാര്‍ശയുടെ ആവശ്യമില്ല. കെ. ബാലകൃഷ്ണന്‍ എഴുതിയിരുന്നു. അതിരിക്കട്ടെ. ഇന്നാളൊരുദിവസം രാമവര്‍മ ഇവിടെ വന്നന്വേഷിച്ചല്ലോ. എന്തായിരുന്നു കാര്യം.’ ‘ഒരു കാര്യവുമില്ല,’ അദ്ദേഹം പറഞ്ഞു. ‘വെറുതെ ഒന്നു കാണണമെന്നുെവച്ചു. ഞാന്‍ ഇവിടെ അടുത്ത് കൂടക്കൂടെ വരുമെന്ന് സാനുമാസ്റ്റര്‍ക്കറിയാമല്ലോ.’ ഒടുവിലത്തെ വാക്യം പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നു. ആ തിളക്കം എന്നില്‍ കൗതുകമുണര്‍ത്തി. അപ്പോള്‍ ഒരു സ്വകാര്യം പറയുന്നമട്ടില്‍ അദ്ദേഹം പറഞ്ഞു: ‘ആ വീടുകളില്‍ ഞാന്‍ കൂടക്കൂടെ വരാറുണ്ട്. ശരിയാണ്. നമ്മെപ്പോലുള്ളവരെ സത്കരിക്കുന്നത് അവര്‍ക്കിഷ്ടമാണ്. അവര്‍ അത് ബഹുമതിയായി കരുതുന്നു. എങ്കിലും, നമ്മള്‍ തമ്മിലാണല്ലോ കൂടുതല്‍ ബന്ധം. അതുകൊണ്ട് അവിടെ വരുമ്പോഴെല്ലാം ഞാന്‍ സാനുമാസ്റ്ററെ അന്വേഷിക്കാറുണ്ട്. പക്ഷേ, ഒരിക്കലും വീട്ടിലുണ്ടാവുകയില്ല എന്നുവച്ചാല്‍ എന്തുചെയ്യാനാണ്!’ അദ്ദേഹം പറഞ്ഞത് വാസ്തവമാണ്. സമീപത്തുള്ള രണ്ടു ധനികഭവനങ്ങളില്‍ അദ്ദേഹം ഇടയ്ക്കിടെ വരാറുണ്ട്. അതെനിക്കറിയാമെന്ന് അദ്ദേഹത്തിനറിയാം. അയല്‍വീട്ടില്‍ താമസിക്കുന്ന എന്നെ ഒന്നന്വേഷിക്കുകപോലും ചെയ്യാതെ പോകുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് അല്പം അപരാധബോധം തോന്നിയിരിക്കാം. അല്ലെങ്കില്‍, എനിക്ക് അതില്‍ പരാതിയുണ്ടെന്ന് അദ്ദേഹം വിചാരിച്ചിരിക്കാം. അതിനുള്ള മറുപടിയാണ് അദ്ദേഹം പറഞ്ഞത്. അതില്‍ ‘നമ്മള്‍ തമ്മിലാണല്ലോ കൂടുതല്‍ ബന്ധം’ എന്ന ഭാഗത്തിന് ഒരു പരാവര്‍ത്തനം ആവശ്യമാണ്. പൊതുജീവിതവുമായി ബന്ധപ്പെടുന്ന കാലത്തുതന്നെ വയലാര്‍ രാമവര്‍മയെ ഞാന്‍ അറിയും. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയ്ക്കുള്ള ഒരു മൈതാനത്തില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി ഞാന്‍ കാണുന്നത്. ഒരു വായനശാലയുടെ വാര്‍ഷികസമ്മേളനത്തില്‍ പ്രസംഗകരായി ഞങ്ങള്‍ രണ്ടാളും എത്തിച്ചേര്‍ന്നു. പൊക്കം കുറഞ്ഞ് വെളുത്തരൂപം. ഒരു പതിനേഴ് വയസ്സിലധികം തോന്നിക്കുകയില്ല. തുടുത്ത കവിളുകളിലും സങ്കോചമുള്ള കണ്ണുകളിലും ലജ്ജാഭാവം കലര്‍ന്നിരുന്നു. ‘ഇയാള്‍ വര്‍മയാണ്. വയലാര്‍ രാമവര്‍മ,’ ഒരു രാഷ്ട്രീയനേതാവ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. നമ്മുടെ സ്വന്തം ശിഷ്യന്‍ എന്ന ഭാവത്തോടുകൂടിയാണ് അദ്ദേഹം പറഞ്ഞത്. അന്ന് വയലാര്‍ രാമവര്‍മ പ്രശസ്തനായി
രുന്നില്ല. കവിത കുറച്ചെല്ലാം പ്രകാശിപ്പിച്ചിട്ടുണ്ട്, അത്രമാത്രം. അവയിലധികവും ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. ‘ഞാന്‍ ആര്‍ത്തിയോടെ കവിത വായിക്കുന്ന കാലമായിരുന്നു അത്. ഗാന്ധിയന്‍ ആദര്‍ശബോധം എന്നെ കീഴ്‌പ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട്, രാമവര്‍മയുടെ ഒരു കവിതയിലെ മാരകായുധങ്ങള്‍ക്ക് കീഴ്‌വഴങ്ങിയ ലോകം ചോരകൊണ്ടനുവേലം ചരിത്രം രചിക്കുമ്പോള്‍ സത്യവുമഹിംസയും കൊണ്ടധികാരത്തിന്റെ മര്‍ദനക്രമങ്ങളെ ചെറുത്തു ഭവാന്‍ മാത്രം. എന്ന വരികള്‍ എന്റെ ഓര്‍മയില്‍ തങ്ങിനിന്നിരുന്നു. അത് ഞാന്‍ ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കവിളുകള്‍ നാണംകൊണ്ട് തുടുത്തു. അദ്ദേഹം ഏറെ വിനീതനായി. ‘പ്രസംഗകനെന്ന നിലയ്ക്ക് അന്ന് അദ്ദേഹം എന്നില്‍ മതിപ്പുളവാക്കിയില്ല. ഇടതടവില്ലാതെ പദങ്ങള്‍ ഒഴുകിവന്നുകൊണ്ടിരുന്നു. അലങ്കാരങ്ങളും പ്രാസവും ഒക്കെയുണ്ടായിരുന്നെങ്കിലും ഏതെങ്കിലും വ്യക്തമായ ആശയധാര അതിലുണ്ടായിരുന്നില്ല. ഏതോ ആശയം അവതരിപ്പിക്കാനുള്ള പരിശ്രമമുള്ളതായി തോന്നി. എങ്കിലും ആ പ്രസംഗം സദസ്യരെ ആകര്‍ഷിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. സമ്മേളനം കഴിഞ്ഞ് കുറച്ചു കുശലം പറഞ്ഞതിനുശേഷം ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് ആ പ്രദേശങ്ങളില്‍ പല സമ്മേളനങ്ങളിലും ഞങ്ങള്‍ സഹപ്രസംഗകരായി പങ്കെടുക്കേണ്ടതായി വന്നു. പ്രസംഗങ്ങള്‍ ധാരാളം നടക്കുന്ന കാലമായിരുന്നു അത്. എങ്കിലും, ഞങ്ങള്‍ ഒരു പരിധിക്കപ്പുറം അടുക്കുകയോ, സ്‌നേഹിതരായിത്തീരുകയോ ചെയ്തില്ല. സമ്മേളനസ്ഥലങ്ങളില്‍ വെച്ചല്ലാതെ കണ്ടുമുട്ടാന്‍ ഞങ്ങള്‍ക്കവസരമുണ്ടായിരുന്നില്ല എന്നതാവാം കാരണം. പൊതുവായ സ്‌നേഹിതന്മാര്‍- ഞങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്തിപ്പോന്നു എന്നുമാത്രം. തമ്മില്‍ കാണുമ്പോള്‍ അദ്ദേഹം സ്വാതന്ത്ര്യത്തോടെ എന്നോടു പെരുമാറിയിരുന്നു. സാഹിത്യരംഗത്തെക്കുറിച്ച് പലകാര്യങ്ങളും തുറന്നുപറയുകയും ചെയ്യുമായിരുന്നു. വളരെ വേഗത്തിലാണ് വയലാര്‍ രാമവര്‍മ പ്രശസ്തിയിലേക്കുയര്‍ന്നത്. അതിന് മൂന്നു സാഹചര്യങ്ങളുണ്ടെന്നു പറയാം. വയലാര്‍വിപ്ലവം കഴിഞ്ഞ ഘട്ടമായിരുന്നു അത്. ആ വിപ്ലവത്തോടു യോജിക്കാതിരുന്നവര്‍പോലും ദുര്‍ഭരണത്തിനെതിരായി, സ്വാതന്ത്ര്യത്തിനുവേണ്ടി, പോരാടി മരിച്ച ധീരരക്തസാക്ഷികളുടെ വീരചരിതങ്ങള്‍ കേട്ട് പുളകിതാത്മാക്കളായിപ്പോയിരുന്നു. സാര്‍വത്രികമായ നീതി സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ശുഭപ്രതീക്ഷാനിര്‍ഭരമായ പ്രതീകമായി പുന്നപ്ര-വയലാര്‍ വിപ്ലവം അന്ന് കാണപ്പെടുകയും ചെയ്തു. ആ പുതിയ ആവേശവും സമരവീര്യവും വീക്ഷണവും നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷം ഉള്‍ക്കൊണ്ടുകൊണ്ടാണ് രാമവര്‍മ കവിതകളെഴുതിയത്. രണ്ടാമതായി, കെ. ബാലകൃഷ്ണന്‍ നല്കിയ പ്രോത്സാഹനത്തെക്കുറിച്ച് പറയണം. അദ്ദേഹത്തിന്റെ കൗമുദി വാരിക അന്ന് സാംസ്‌കാരികരംഗത്ത് വമ്പിച്ച സ്വാധീനം ചെലുത്തിപ്പോന്നു. അതുകൊണ്ട് വായനക്കാര്‍ക്കിടയില്‍ കവിതകളും കഥകളും പ്രചരിക്കുന്നതിനാവശ്യമായ പ്രചാരണം നല്കാന്‍ ആ വാരികയ്ക്കു കഴിഞ്ഞു. ഒരാളെ പെട്ടെന്ന് പ്രശസ്തിയിലേക്കുയര്‍ത്താന്‍ ഒരൊറ്റ ലക്കത്തിലെ തൂലികാചലനത്തിനു കഴിയുമായിരുന്നു എന്നു പറയാം. അതനുസരിച്ച് കെ. ബാലകൃഷ്ണന്റെ ഉദാരമായ തലോടല്‍ ലഭിച്ച ചുരുക്കം എഴുത്തുകാരിലൊരാളായിരുന്നു വയലാര്‍ രാമവര്‍മ. കൂടാതെ, സിനിമാരംഗവുമായി ബന്ധപ്പെട്ടു എന്നതും ആ പ്രശസ്തി വര്‍ധിക്കുന്നതിന് കാരണമായി. ഈ ഒടുവിലത്തെ ബന്ധമാണ് വയലാറിന്റെ പ്രശസ്തി ഉച്ചകോടിയിലെത്തിച്ചത്. അതോടുകൂടി ഞങ്ങള്‍ രണ്ടു ലോകങ്ങളിലായിട്ടാണ് മിക്കവാറും കഴിഞ്ഞതെന്ന് പറയാം. സിനിമയുടെ ലോകം വയലാറിന് ധാരാളം പുതിയ സുഹൃത്തുക്കളെ നേടിക്കൊടുത്തു. അതിലേറെ ആരാധകരെയും. അദ്ദേഹം അധികസമയവും മദിരാശിയിലാണ് കഴിഞ്ഞതെന്നു തോന്നുന്നു. എപ്പോഴും കേരളത്തില്‍ വന്നുകൊണ്ടിരുന്നെങ്കിലും ഞങ്ങള്‍ തമ്മില്‍ ചുരുക്കമായേ കണ്ടുമുട്ടാറുണ്ടായിരുന്നുള്ളൂ. അതുമൂലം ഞങ്ങളുടെ സൗഹൃദത്തിന് വിടവുണ്ടാകാവുന്നതാണ്. അതുണ്ടായിട്ടില്ലെന്നാണ് ‘നമ്മള്‍ തമ്മിലാണല്ലോ കൂടുതല്‍ ബന്ധം’ എന്ന വാക്കുകള്‍കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. വയലാര്‍ തുടര്‍ന്നുപറഞ്ഞു: ‘അപ്പോള്‍ നമ്മളൊരുമിച്ചാണ് മയ്യനാട്ടേയ്ക്കു പോകുന്നത്. ടാക്‌സി ഇവിടെത്തന്നെ സാനുമാസ്റ്റര്‍ ഏര്‍പ്പാടുചെയ്താല്‍ മതി. രാവിലെ പോരൂ. ഞാന്‍ വീട്ടില്‍ കാത്തിരിക്കാം.’ അപ്രകാരം ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു. പക്ഷേ, എന്തോ ഓര്‍ത്തിട്ടെന്നപോലെ, അദ്ദേഹം പറഞ്ഞു: ‘അല്ലെങ്കില്‍ ഒരാള്‍ രാവിലെത്തന്നെ ഇവിടെയെത്താന്‍ ഏര്‍പ്പാടു ചെയ്യാം. അയാള്‍ മാസ്റ്ററെ കൂട്ടിക്കൊണ്ടു വന്നുകൊള്ളും.’ ‘അതിനുവേണ്ടി ഒരാള്‍ ബുദ്ധിമുട്ടണമെന്നില്ല,’ ഞാന്‍ പറഞ്ഞു. ‘ഒരാള്‍ വരുന്നത് എനിക്ക് സന്തോഷമാണ്. പക്ഷേ, വന്നില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ സൗകര്യംപോലെ ചെയ്യൂ.’ വയലാര്‍ അപ്പോള്‍ എന്നെ നോക്കി ചിരിച്ചു. അല്പം കളിയാക്കുന്ന ചിരിയാണത്. അതിന്റെ അര്‍ഥമെന്തെന്ന് അദ്ദേഹം വ്യക്തമാക്കി: ‘ഇവിടെ രാവിലെ ജനബാഹുല്യമുണ്ടായാല്‍ യാത്ര പുറപ്പെടാന്‍ പറ്റാതെ വരുമല്ലോ എന്നു കരുതിയാണ് പറയുന്നത്.’ അതിനു മുന്‍പ് അദ്ദേഹം രണ്ടുപ്രാവശ്യം വന്നപ്പോഴും എന്റെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കുണ്ടായിരുന്നു. വെറുതേ കാണാന്‍ വരുന്നവര്‍, ഓരോ കാര്യത്തിനായി വരുന്നവര്‍, ബന്ധുക്കള്‍. അങ്ങനെ പലരും. സ്വന്തമായ ജീവിതം ആരംഭിച്ച കാലം മുതല്‍ സന്ദര്‍ശകരുടെ ബാഹുല്യം എന്റെ അനുഭവമായിരുന്നു. ഭരണാധികാരമോ പദവിയോ ഇല്ലെങ്കിലും പലതരം ശിപാര്‍ശകള്‍ക്ക് ഞാന്‍ പൊയ്‌ക്കൊണ്ടുമിരുന്നു. ഒരിക്കല്‍ വയലാര്‍ രാമവര്‍മ എന്റെ വീട്ടില്‍ വരുമ്പോള്‍ പി.കെ. ബാലകൃഷ്ണന്‍ ക്ഷുഭിതനായി അകത്തിരിപ്പുണ്ടായിരുന്നു. വയലാറും ബാലകൃഷ്ണനും കൂടി സുഖമായി എന്നെ കളിയാക്കുകയും ചെയ്തു. സംഭവം ഇതാണ്: അംഗവൈകല്യമുള്ള ഒരു വൃദ്ധനെ എടുത്തുകൊണ്ട് അങ്ങേരുടെ മക്കള്‍ എന്റെ വീട്ടില്‍ വന്നു. ആ വൃദ്ധനോടൊപ്പം ആശുപത്രിയില്‍ പോയി ചില സഹായങ്ങള്‍ ഞാന്‍ ചെയ്തുകൊടുക്കണം. അവരോടൊപ്പം ഞാന്‍ പോവുകയും ചെയ്തു. ബാലകൃഷ്ണനെയും വയലാറിനെയും കുറെ സമയം കഴിഞ്ഞതിനുശേഷം മറ്റൊരു സ്ഥലത്തുവെച്ചാണ് ഞാന്‍ കണ്ടത്. അപ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു: ‘നിങ്ങളുടെ ഈ തുലഞ്ഞ ലോകസേവനം നിറുത്തിയില്ലെങ്കില്‍ രക്ഷയില്ല. ശല്യങ്ങള്‍ വീട്ടില്‍ വന്നു കേറിയാല്‍ പോവുകയില്ല. വെറുതേ സ്വല്പം സംസാരിക്കാമന്നുവച്ചാല്‍.’ അതുകേട്ടപ്പോള്‍ വയലാര്‍ രാമവര്‍മ പറഞ്ഞതെന്താണെന്നോ? ‘സാനുമാസ്റ്റര്‍ ഇലക്ഷനുനിന്നാല്‍ തീര്‍ച്ചയായും ജയിക്കും. ജനങ്ങളുമായി നല്ല സമ്പര്‍ക്കമുണ്ടല്ലോ.’ ‘വെറുതേ അബദ്ധം പറയണ്ട,’ ബാലകൃഷ്ണന്‍ പറഞ്ഞു, ‘ഇവന്മാരെല്ലാം എതിരായിട്ടേ വോട്ടു ചെയ്യുകയുള്ളൂ. സമ്പര്‍ക്കവുമായൊന്നും വോട്ടിനു ബന്ധമില്ല.’ ‘അവര്‍ സുഖമായി പൊട്ടിച്ചുവിടും അല്ലേ,’ വയലാര്‍ നല്ലപോലെ ചിരിച്ചുകൊണ്ടു പറഞ്ഞു. തുടര്‍ന്ന് സ്‌നേഹപൂര്‍വം എന്നെ കളിയാക്കിക്കൊണ്ട് അവര്‍ കുറച്ചുനേരം കൂടി വര്‍ത്തമാനം പറഞ്ഞു. ആ കളിയാക്കലിന്റെ ബാക്കിയാണ് ഇപ്പോള്‍ ചിരിയിലൂടെ പ്രകടമായത്. അതു മനസ്സിലാക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു: ‘ആളുകള്‍ വന്നുകയറിയാലും കൃത്യസമയത്ത് ഇറങ്ങാന്‍ എനിക്കു പ്രയാസമുണ്ടാവുകയില്ല. കാര്യം പറഞ്ഞാല്‍ അവര്‍ക്കു മനസ്സിലാകും.’ ‘എന്നാല്‍ ആദ്യം പറഞ്ഞതുപോലെതന്നെ ചെയ്യൂ. ആരേയും ഇങ്ങോട്ടയയ്ക്കുകയില്ല. രാവിലെ ഒന്‍പതു മണിയോടുകൂടി എന്റെ വീട്ടിലെത്താന്‍ പറ്റുകില്ലേ?’ ‘പറ്റുമല്ലോ.’ ‘എങ്കില്‍ തകഴിച്ചേട്ടനേയും കൂട്ടി നമുക്ക് ഉച്ചയ്ക്ക് മുന്‍പ് കൊല്ലത്തെത്താം.’ ‘ഞാന്‍ കൃത്യമായെത്തിക്കൊള്ളാം.’ ‘വീട്ടിലേക്കുള്ള വഴി അറിയാമല്ലോ? മുണ്ടശ്ശേരിമാസ്റ്ററുമൊത്ത് വന്നിട്ടുള്ളതല്ലേ?’ ‘അതിനു മുന്‍പുതന്നെ എനിക്കു വഴി അറിയാമല്ലോ?’ സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് വയലാര്‍ രാമവര്‍മയ്ക്ക് സ്വന്തം നാട്ടില്‍വെച്ചു നല്കിയ സ്വീകരണയോഗത്തില്‍ മുണ്ടശ്ശേരി മാസ്റ്ററോടൊപ്പം ഞാനും സംബന്ധിച്ചിരുന്നു. അക്കാര്യത്തെക്കുറിച്ചാണ് വയലാര്‍ സൂചിപ്പിച്ചത്. ജനങ്ങളില്‍നിന്ന് കവിത അകന്നുകൊണ്ടിരിക്കുന്ന ഒരുഘട്ടത്തില്‍ കവിതയ്ക്ക് ജനങ്ങളുമായുള്ള ബന്ധം സുദൃഢമാക്കിക്കൊണ്ടിരിക്കുന്ന കവിയെന്ന നിലയില്‍ വയലാറിനെ അന്ന് മുണ്ടശ്ശേരിമാസ്റ്റര്‍ ശ്ലാഘിക്കുകയുണ്ടായി. മറ്റൊരു പ്രത്യേകതകൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ശ്രോതാക്കളോടു പറഞ്ഞു. ആധുനികകാലത്ത് കവികള്‍ പലരും സ്വേച്ഛാധിപത്യത്തിന്റെ പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. എന്നാല്‍, പുത്തന്‍നീതിക്കുവേണ്ടി പോരാടി മരിച്ച രക്തസാക്ഷികളുടെ ആവേശം ഏറ്റെടുത്തുകൊണ്ട് വയലാര്‍ സ്ഥിരമായി ജനങ്ങളോടൊപ്പം നിലകൊള്ളുന്നു. ജനജീവിതം മെച്ചപ്പെടുത്തുന്ന വീക്ഷണത്തില്‍ ഉറച്ചുനിന്നുകൊണ്ട്. ഈ സന്ദര്‍ഭത്തില്‍ ആ പഴയ കഥ ഓര്‍ത്തുകൊണ്ടാണ് വയലാറിനെ ഞാന്‍ യാത്രയാക്കിയത്. പറഞ്ഞതനുസരിച്ച് ഞാന്‍ രാവിലെതന്നെ എറണാകുളത്തുനിന്നു തിരിച്ചു. ഒന്‍പതു മണിക്കുമുന്‍പ് വയലാര്‍ രാമവര്‍മയുടെ വസതിയിലെത്തി. അദ്ദേഹം എന്നെ കാത്തിരിക്കുകയായിരുന്നു. എങ്കിലും, അത്ര നേരത്തേ ഞാന്‍ അവിടെ ചെല്ലുമെന്ന് അദ്ദേഹം കരുതിയില്ല. അദ്ദേഹം പറഞ്ഞു: ‘ഇങ്ങനെയുമുണ്ടോ ഇക്കാലത്ത് ആളുകള്‍? സമ്മതിച്ചതിനു മുന്‍പുതന്നെ എത്തിയല്ലോ.’ ‘നേരത്തേ വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ എനിക്കൊരു രസവുമില്ല. അങ്ങനെയാണ് ഈ കൃത്യവിലോപം സംഭവിച്ചത്.’ ‘എന്നാല്‍ നമുക്കിറങ്ങാം, കാപ്പി?’ ‘എനിക്കിപ്പോള്‍ വേണ്ട, രാവിലെ കാപ്പി കുടിക്കാതെ എന്നെ വീട്ടില്‍നിന്ന് വിടുകയില്ല.’ അതു കേട്ട് അദ്ദേഹം വെറുതേ ചിരിച്ചു. ‘ഞാന്‍ ഇപ്പോള്‍ വരാം.’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അകത്തു പോയി. ഏതാനും നിമിഷങ്ങള്‍ക്കകം, വെടിപ്പായി ‘ഡ്രസ്സ്’ ചെയ്തു പ്രസന്നവദനനായി അദ്ദേഹം പുറത്തേക്കിറങ്ങി വന്നു. ഞങ്ങള്‍ യാത്ര തിരിക്കുകയും ചെയ്തു. കാറില്‍ ഇരുന്നുകഴിഞ്ഞപ്പോള്‍ വയലാര്‍ പറഞ്ഞു: ‘കേട്ടോ മാസ്റ്റര്‍, ഇന്നലെ സ്വല്പം ഭംഗിയായി മദ്യപാനം കുടിച്ചു. അതിന്റെ മയക്കം വിട്ടുമാറി വരുന്നതേയുള്ളൂ.’ കൂടെയുണ്ടായിരുന്നതാരൊക്കെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘മദ്യപാനം കുടിക്കുക’ എന്നത് അദ്ദേഹം സ്ഥിരമായി പ്രയോഗിക്കുന്ന ഒരു ശൈലിയാണ്. ആദ്യം അത് പ്രയോഗിച്ചത് മറ്റൊരു സാഹിത്യകാരനാണ്. എങ്കിലും ആ ശൈലിക്കു പ്രചാരം നല്കിയത് താനാണെന്ന് അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ഞങ്ങള്‍ക്കിടയില്‍ അത് ഒരു തര്‍ക്കവിഷയമായില്ല. കുറച്ചങ്ങു നീങ്ങിക്കഴിഞ്ഞപ്പോള്‍ വയലാര്‍ ചോദിച്ചു: ‘അന്ന് ശ്രീകണ്ഠന്‍നായരെക്കുറിച്ച് ഞാന്‍ പറഞ്ഞത് മാസ്റ്റര്‍ക്കിഷ്ടപ്പെട്ടില്ല, അല്ലേ?’ ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചില്ല. അതിനുമുന്‍പ് ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം അല്പം ക്ഷുഭിതനായിട്ടാണ് സംസാരിച്ചത്. ലോകത്തിന്റെ നേര്‍ക്കുള്ള ക്ഷോഭം. ആദര്‍ശങ്ങള്‍ക്കു സ്ഥാനമില്ലാതായി വരുന്നു. ആളുകളധികം പേരും കാര്യസാധ്യത്തിനുവേണ്ടി ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരമെല്ലാം ദേഷ്യത്തോടുകൂടി അദ്ദേഹം അന്ന് സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ‘ശിഷ്യന്മാര്‍’ ആ വാക്കുകളെല്ലാം ശരിെവക്കാന്‍ മത്സരിക്കുന്നതുപോലെ എനിക്കു തോന്നി. അക്കാര്യത്തില്‍ എനിക്കു പ്രത്യേകമായ അഭിപ്രായങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നിര്‍വികാരനായി ഞാന്‍ അതെല്ലാം കേട്ടുകൊണ്ടിരിക്കുകമാത്രം ചെയ്തു. അതിനിടയ്ക്കാണ് വയലാര്‍ തന്റെ വിമര്‍ശനത്തിന് സി.എന്‍.ശ്രീകണ്ഠന്‍നായരെ ശരവ്യനാക്കിയത്. അദ്ദേഹം പറഞ്ഞു: ‘ആ ശ്രീകണ്ഠന്‍നായരെ നോക്കൂ, അയാളിപ്പോള്‍ ഭക്തനല്ലേ. അയ്യപ്പസേവാസംഘത്തിന്റെ ആളല്ലേ? മാര്‍ക്‌സിസം പറയുന്നതുകൊണ്ട് ഇനി ഗുണമില്ലെന്ന് അയാള്‍ക്കു തോന്നിക്കാണും.’ ‘അത്ര ലളിതമായി അതു പറയാമോ?’ ഞാന്‍ ചോദിച്ചു. എന്റെ വാക്കുകള്‍ വയലാറിന്റെ ക്ഷോഭം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സ്വരം ഉയര്‍ത്തി അദ്ദേഹം പറഞ്ഞു: ‘മാസ്റ്റര്‍ തെറ്റിദ്ധരിക്കണ്ട. വിരോധംകൊണ്ടല്ല ഞാന്‍ പറയുന്നത്. ഞങ്ങളൊന്നിച്ചു നടന്നവരാണ്. ഇപ്പോഴും സ്‌നേഹിതന്മാരാണ്. മാര്‍ക്‌സിസ്റ്റ് വീക്ഷണം അംഗീകരിച്ചു നടക്കുന്ന ഒരാളിന് അയ്യപ്പസേവാസംഘത്തിലേക്ക് എങ്ങനെ പോകാന്‍ കഴിയുമെന്നാണ് എന്റെ ചോദ്യം.’ ‘ഒരാള്‍ക്ക് വീക്ഷണം മാറിക്കൂടെന്നുണ്ടോ?’ ഞാന്‍ ചോദിച്ചു. ‘ഇത് വീക്ഷണത്തിലുള്ള മാറ്റമൊന്നുമല്ല. ആ എം.കെ.കെ.യുടെ കൂട്ടുകെട്ടോടുകൂടി പ്രമാണിയാകാനുള്ള ഏര്‍പ്പാടാണ്. പിന്നെ നേട്ടവുമുണ്ടാകും.’ (എം.കെ.കെ. എന്നു പറഞ്ഞത് എം.കെ.കെ.നായരെ ഉദ്ദേശിച്ചാണ്.) ഞാന്‍ പറഞ്ഞു, ‘എം.കെ.കെ.യും ശ്രീകണ്ഠനും നല്ല സുഹൃത്തുക്കളാണ്. ആ ബന്ധത്തില്‍ മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. ലാഭനഷ്ടങ്ങളുടെ പ്രശ്‌നവും അവിടെയില്ല.’ ‘അതല്ല ഞാന്‍ പറയുന്നത്. ആര്‍.എസ്.പി.യില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് എങ്ങനെ അയ്യപ്പസേവാസംഘത്തിന്റെ ഭാരവാഹിയാകാന്‍ സാധിക്കും?’ അദ്ദേഹം വീറോടെ ചോദിച്ചു. ‘ഞാനൊരു കാര്യം പറയട്ടെ. രാമവര്‍മ ഇത്തിരി സമയം എനിക്കു തരൂ. ശ്രീകണ്ഠന്റെ സ്വഭാവത്തില്‍ പണ്ടുതന്നെ ഭക്തിയുണ്ടായിരുന്നു. ആര്‍.എസ്.പിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ആ ഭക്തി പോകണമെന്നില്ല.’ എന്റെ വാദം അദ്ദേഹത്തെ സമാധാനിപ്പിച്ചില്ല. അദ്ദേഹം പിന്നെയും ദേഷ്യത്തോടുകൂടി സംസാരിച്ചുകൊണ്ടിരുന്നു. വയലാറിന്റെ പെരുമാറ്റം ഇപ്രകാരം ചൂടാവുന്നത് രണ്ടു സന്ദര്‍ഭങ്ങളില്‍ക്കൂടി ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു പ്രസംഗപീഠത്തില്‍വെച്ചാണ് അദ്ദേഹം രോഷാകുലനായത്. മുതിര്‍ന്ന ഒരു കവിയെയും ആ കവിയുടെ വൈതാളികന്മാരെയും അന്ന് അദ്ദേഹം കണക്കിനു ശകാരിച്ചു. പിന്നീടൊരിക്കല്‍ ഒരു സത്കാരത്തിനിടയ്ക്കുവെച്ചാണ് അദ്ദേഹം ശുണ്ഠിയെടുക്കുന്നതായി ഞാന്‍ കണ്ടത്. പ്രകോപനമെന്തെന്ന് എനിക്കു പിടികിട്ടിയില്ല. അന്ന് ആ സത്കാരം നടത്തിയവരെ (ഭാരവാഹികളെ) സത്കാരത്തില്‍ പങ്കെടുത്തുകൊണ്ടുതന്നെ, അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. അത്തരം രംഗങ്ങളില്‍ അങ്ങനെയൊരു വിമര്‍ശനം കുഴപ്പമാണെന്നറിയാമല്ലോ. ഉയര്‍ന്ന ശബ്ദത്തില്‍ അദ്ദേഹം വിമര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കേ, മറ്റുള്ളവര്‍ അതെങ്ങനെയെങ്കിലും അവസാനിപ്പിക്കുന്നതിനെ ക്കുറിച്ച് അസ്വസ്ഥരായി കൂടിയാലോചിക്കുന്നതു കാണാമായിരുന്നു. അപ്പോഴാണ് വയലാറിന്റെ ഒരു സ്‌നേഹിതന്‍ അവിടെ കടന്നുവന്നത്. ആ സ്‌നേഹിതന്‍ അടുത്തുചെന്ന് വര്‍ത്തമാനം പറഞ്ഞതോടുകൂടി വയലാര്‍ തികച്ചും ശാന്തനായി മാറി. സ്‌നേഹിതന്മാര്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു. സ്‌നേഹത്തിന്റെ മുന്‍പില്‍ എളുപ്പം വഴങ്ങുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെത്. സി.എന്‍.ശ്രീകണ്ഠന്‍നായരെക്കുറിച്ച് അന്ന് അപ്രകാരം സംസാരിച്ചത് എനിക്കിഷ്ടപ്പെട്ടുകാണുകയില്ലെന്ന് വയലാര്‍ കരുതി. അതുകൊണ്ടാണ് ഇപ്പോള്‍ ആ വിഷയത്തിലേക്ക് അദ്ദേഹം വീണ്ടും കടന്നത്. ഞാന്‍ പറഞ്ഞു: ‘എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നതു ശരിയാണ്. പക്ഷേ, ആത്മാര്‍ഥമായി തോന്നിയ അഭിപ്രായമാണ് രാമവര്‍മ പറഞ്ഞതെന്ന് എനിക്കറിയാം. അങ്ങനെ പറഞ്ഞതും ഒരു നിലപാടവലംബിച്ചുകൊണ്ടാണല്ലോ. അതില്‍ കുഴപ്പമൊന്നുമില്ല.’ ‘അതേ, ഒരു നിലപാടവലംബിച്ചുകൊണ്ടാണ് ഞാന്‍ വിമര്‍ശിച്ചത്. അതില്‍ എന്താണ് തെറ്റ്?’ ‘തെറ്റുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഒരു സ്‌നേഹിതനെക്കുറിച്ചു പറഞ്ഞപ്പോള്‍ എനിക്ക് അതിഷ്ടമായില്ല. അത്രയേയുള്ളൂ. പിന്നെ, ശ്രീകണ്ഠന്റെ കാര്യത്തില്‍ ഭക്തി യഥാര്‍ഥമാണെന്ന് എനിക്കു ബോധ്യവുമുണ്ട്.’ ‘അയാളെ മാസ്റ്റര്‍ അത്രത്തോളം അടുത്തറിയുമോ?’ ‘അടുത്തറിയുമോ, എന്നത് കുഴപ്പംപിടിച്ച ചോദ്യമാണ്. ഞങ്ങള്‍ എപ്പോഴും കാണാറുണ്ട്. ആത്മീയതയുടെ കാര്യത്തില്‍ ശ്രീകണ്ഠന്‍ എത്രത്തോളം അനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്കുന്നുണ്ടെന്നും എനിക്കു നേരിട്ടറിയാം. അതുകൊണ്ട് അയ്യപ്പസേവാസംഘം ശ്രീകണ്ഠന്റെ പക്ഷത്തില്‍ ഒരു വിശ്വാസത്തിന്റെ പ്രവര്‍ത്തനമാണ്. അത് സഹജമായ ഭക്തിയുടെ ഭാഗമാണ്.’ ഇപ്രകാരം വ്യക്തികളെക്കുറിച്ച് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കെ ഞങ്ങള്‍ ആലപ്പുഴയിലെത്തി. അപ്പോള്‍ വയലാര്‍ പറഞ്ഞു: ‘ഇപ്പോള്‍ എനിക്കല്പം വിശപ്പുണ്ട്. നമുക്ക് ഒരു ഹോട്ടലില്‍ കയറാം. നമുക്ക് സമയമുണ്ടല്ലോ.’ ‘സമയമുണ്ട്.’ ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ ഞങ്ങള്‍ കയറി. വയലാറിനെ കണ്ടപ്പോള്‍ ഹോട്ടലിലെ ആളുകള്‍ ചുറ്റിക്കൂടി. അദ്ദേഹം പലപ്പോഴും സന്ദര്‍ശിക്കാറുള്ള ഹോട്ടലാണതെന്ന് ഞാന്‍ ഊഹിച്ചു. എല്ലാവരുമായി നര്‍മസല്ലാപം നടത്തുന്നതിനിടയില്‍ വയലാര്‍ ലഘുഭക്ഷണം കഴിച്ചു. അവിടെനിന്ന് ഞങ്ങള്‍ തകഴിയിലേക്കു തിരിച്ചു. വയലാറിന്റെ വര്‍ത്തമാനം കൂടുതല്‍ ഉത്സാഹത്തിലായി. അദ്ദേഹം ചോദിച്ചു: ‘ഈ തകഴിച്ചേട്ടനെക്കുറിച്ച് മാസ്റ്ററുടെ അഭിപ്രായമെന്താണ്?’ ‘ഞാന്‍ പ്രത്യേകിച്ചു പറയേണ്ടതുണ്ടോ? അദ്ദേഹം നമ്മുടെ മികച്ച എഴുത്തുകാരനാണെന്ന് ഏവരും അംഗീകരിച്ചിട്ടുണ്ടല്ലോ.’ ‘അതല്ല ഞാന്‍ ചോദിച്ചത്. തകഴിച്ചേട്ടന്‍ എന്ന വ്യക്തിയെക്കുറിച്ച് എന്താണഭിപ്രായം?’ എന്റെ അഭിപ്രായം കേള്‍ക്കാന്‍ കാത്തുനില്ക്കാതെ വയലാര്‍ തുടര്‍ന്നു: ‘ഇത്രയും സ്ഥിരതയുള്ള ഒരെഴുത്തുകാരന്‍ നമ്മുടെ ഭാഷയിലില്ലെന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ ചോദിക്കട്ടെ. തകഴിച്ചേട്ടന്റെ വീക്ഷണത്തിന് ഒരിക്കലെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ? ചെമ്മീനില്‍ അന്ധവിശ്വാസം ഉറപ്പിക്കുന്നു എന്നൊക്കെ വെറുതേ പറയുന്നതാണ്. ശാസ്ത്രീയ വീക്ഷണത്തില്‍നിന്ന് അദ്ദേഹം ഒരിക്കല്‍പ്പോലും വ്യതിചലിച്ചിട്ടില്ല, മാനവികതയില്‍നിന്നും. മാസ്റ്റര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടോ?’ ‘ആ അടിസ്ഥാനത്തില്‍ തകഴിയുടെ കഥകള്‍ ഞാന്‍ പരിശോധിച്ചിട്ടില്ല. എങ്കിലും, ഇപ്പോള്‍ വയലാര്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.’ ‘അതുപോലെതന്നെ സ്‌നേഹത്തിന്റെ കാര്യം പരിശോധിച്ചുനോക്കൂ,’ വയലാര്‍ കൂടുതല്‍ വാശിയോടെ പറഞ്ഞു, ‘മുണ്ടശ്ശേരിമാസ്റ്റര്‍, കുറ്റിപ്പുഴ തുടങ്ങിയവരുമായി എത്ര സ്ഥിരമായ സ്‌നേഹമാണ് തകഴിച്ചേട്ടന്‍ പുലര്‍ത്തുന്നത്. ആ സ്‌നേഹത്തിന്റെ തീവ്രതയും മാധുര്യവും എനിക്ക് നേരിട്ടനുഭവമുണ്ട്.’ ‘വയലാറിന്റെ വാശി കാണുമ്പോള്‍ എനിക്ക് എതിരഭിപ്രായമാണുള്ളതെന്ന് തോന്നിപ്പോകുമല്ലോ.’ ‘മാസ്റ്ററെക്കുറിച്ചല്ല പറയുന്നത്. മറ്റു പലരും തകഴിച്ചേട്ടനെ ഒരു കൗശലക്കാരനായി ചിത്രീകരിക്കുന്നുണ്ട്. സ്വഭാവസ്ഥിരതയുടെ കാര്യത്തില്‍ തകഴിച്ചേട്ടന്റെ ഏഴലയത്ത് അവര്‍ക്കാര്‍ക്കും സ്ഥാനമില്ല. അതുകൊണ്ടാണ് ഇത്ര വാശിയോടുകൂടി ഞാന്‍ പറയുന്നത്.’ വയലാര്‍ രാമവര്‍മയുടെ നേര്‍ക്ക് ആദരവു തോന്നാനാണ് ആ വാക്കുകള്‍ എന്നെ പ്രേരിപ്പിച്ചത്. തകഴിയെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിനും ഇണങ്ങുന്നവയാണ്. രചന തുടങ്ങുന്ന കാലത്ത് ഒരു എഴുത്തുകാരനും സ്വന്തം വീക്ഷണത്തെക്കുറിച്ച് സുവ്യക്തമായ ധാരണകളുണ്ടായിരിക്കുകയില്ല. വായനയ്ക്കും അഭിരുചിക്കും അനുസരണമായി രചനാകര്‍മത്തില്‍ സ്വന്തം വീഥിയെന്തെന്നു കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ആ ധാരണകളും ഉരുത്തിരിഞ്ഞുവരിക. പ്രപഞ്ചത്തെയും ജീവിതത്തെയും ഒരു പ്രത്യേക കാഴ്ചപ്പാടോടുകൂടിയാണ് ഓരോ എഴുത്തുകാരനും കാണുന്നത്. അത് അയാളുടെതുമാത്രമായ കാഴ്ചപ്പാടായിരിക്കുകയും ചെയ്യും. അത് തക്കംപോലെ മാറ്റാന്‍ അയാള്‍ക്കു കഴിയുകയില്ല. എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ബന്ധനവും ഇതാണെന്നു പറയാം. സ്വന്തം വീക്ഷണത്തിന്റെ ഏകാന്തവിചിത്രമായ വര്‍ണത്തോടുകൂടി ലോകത്തെ മാറ്റിമറിക്കുന്നു എന്നതിലാണ് അയാളുടെ സ്വാതന്ത്ര്യം പ്രകടമാകുന്നത്. സഹജവാസനയുമായി ബന്ധപ്പെട്ട വീക്ഷണത്തില്‍നിന്ന് വ്യതിചലിക്കാന്‍ കഴിയുകയില്ല എന്ന അവസ്ഥയില്‍ അയാളുടെ ബന്ധനവും നാം കാണുന്നു. മറ്റു പ്രയോജനങ്ങളോ നേട്ടങ്ങളോ ഉണ്ടാക്കുന്നതിനുവേണ്ടി, പത്രഭാഷയില്‍ പറഞ്ഞാല്‍, ‘ചുവടുമാറ്റം നടത്താന്‍’ ഒരു യഥാര്‍ഥസാഹിത്യകാരന് ഒരിക്കലും കഴിയുകയില്ലെന്നര്‍ഥം. ഈ അര്‍ഥത്തിലുള്ള സ്ഥിരത തകഴിയുടെ സാഹിത്യലോകത്തിലെങ്ങും കാണാം, പ്രമേയാനുസാരിയായ വൈചിത്ര്യത്തോടുകൂടി. അതേ സ്ഥിരതതന്നെയാണ് വയലാറിന്റെ കാവ്യങ്ങളിലൂടെ ഒരു പ്രത്യേകലോകം രൂപം പ്രാപിച്ചുവരാന്‍ കാരണമായതും. സൗഹൃദത്തിന്റെ കാര്യം ഇതില്‍നിന്നും ഭിന്നമാണ്. കാവ്യവീക്ഷണത്തിലെ സ്ഥിരത വ്യക്തിബന്ധങ്ങളില്‍ ഒരെഴുത്തുകാരന്‍ പ്രകടമാക്കണമെന്നില്ല. പക്ഷേ, തകഴിയും വയലാറും അവരുടെ വ്യക്തിബന്ധങ്ങളില്‍ സ്ഥിരതയുള്ളവരായിരുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ആ സ്ഥിരതയ്ക്കുപോലും അവരുടെ ജീവിതവീക്ഷണവുമായി ബന്ധമുണ്ടെന്നു തോന്നിപ്പോകുന്നു. അതു മറ്റൊരു വിഷയം. ഉന്മേഷത്തോടുകൂടി വയലാര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് കാവ്യസംബന്ധിയായ ഇത്തരം ആശയങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. ഒട്ടും വൈകാതെ ഞങ്ങള്‍ തകഴിയുടെ വീടിന്റെ മുന്‍പില്‍ ചെന്നുനിന്നു. ഞങ്ങളെ പ്രതീക്ഷിച്ച് തകഴി – മലയാളസാഹിത്യത്തിലെ ആ കാരണവര്‍ – ഒരു ഗ്രാമീണന്റെ സ്വച്ഛമായ പുഞ്ചിരിയുമായി മുന്‍വശത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. രണ്ട് സ്‌നേഹമുള്ളവര്‍ കണ്ടുമുട്ടുന്ന രംഗം – അതു നോക്കിനില്ക്കാന്‍ എനിക്കു വളരെ ഇഷ്ടമാണ്. ജീവിതത്തില്‍ ദുര്‍ലഭമായേ അമ്മാതിരി രംഗങ്ങള്‍ കാണാന്‍ കഴിയൂ. ഏറെയും നാട്യത്തിന്റെതായ ഒരു ലോകത്തിലാണല്ലോ നാം കഴിഞ്ഞുകൂടുന്നത്. ശുദ്ധമായ സ്‌നേഹബന്ധത്തിനു സ്ഥാനമൊന്നുമില്ല. ജീവിതത്തില്‍ പലതരം നഷ്ടങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കുമാണ് അത്തരം ബന്ധങ്ങള്‍ കാരണമാകുക. ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി പരക്കംപായുന്നവര്‍ ഈ സത്യം മനസ്സിലാക്കി അത്യധികം കൗശലത്തോടെ പെരുമാറാന്‍ വൈഭവം നേടിയെടുക്കുന്നു. എത്ര നല്ല സ്‌നേഹബന്ധങ്ങളെപ്പോലും സ്വന്തം താത്പര്യസംരക്ഷണാര്‍ഥം ഹോമിക്കാന്‍ അവര്‍ മടിക്കുകയില്ല. അങ്ങനെ സാമര്‍ഥ്യമുള്ളവര്‍ ഒന്നിനൊന്നു വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ ജീവിതം ശുഷ്‌കമായിത്തീരുന്നു. ആന്തരികമായ മാധുര്യം ജീവിതത്തിനു നഷ്ടമാകുകയും ചെയ്യുന്നു. പക്ഷേ, അതങ്ങനെയൊരു തരിശുഭൂമിയാകാന്‍ പ്രകൃതി അനുവദിക്കുകയില്ല. പ്രകൃതി ജീവജാലങ്ങളുടെയെല്ലാം അമ്മയാണല്ലോ. ആ അമ്മ പിന്നെയും പച്ചത്തഴപ്പുകളും പൂച്ചെടികളും പൂഞ്ചോലകളും മറ്റും പരിരക്ഷിച്ചു നിലനിര്‍ത്തി ജീവിതത്തെ കനിവുറ്റതാക്കിത്തീര്‍ക്കുന്നു. സര്‍ഗാത്മകമായ ആ പ്രക്രിയയുടെ ഭാഗമായാണ് ശുദ്ധസൗഹൃദത്തിന്റെ രംഗങ്ങള്‍ ഇപ്പോഴും ഉരുത്തിരിഞ്ഞുനില്ക്കുന്നത്. വയലാര്‍ രാമവര്‍മയും തകഴിയും തമ്മില്‍ കണ്ടുമുട്ടിയ ആ രംഗം നോക്കിനില്‌ക്കെ, ഈ വിചാരമാണ് എന്റെ മനസ്സിനെ സന്തോഷിപ്പിച്ചത്. കൊച്ചുകുട്ടികളെപ്പോലെ അവര്‍ പെരുമാറി. ചിരിച്ചു. കളിതമാശകള്‍ പറഞ്ഞു. ആ പെരുമാറ്റത്തില്‍ കൃത്രിമത്വത്തിനു സ്ഥാനമേ ഉണ്ടായിരുന്നില്ല. കുഞ്ഞുങ്ങള്‍ കളിക്കുന്നതു നോക്കിയിരിക്കുന്ന മട്ടില്‍ ഞാന്‍ വെറുതേയങ്ങനെ ഇരിക്കുകമാത്രം ചെയ്തു. തകഴിയുടെ ഭവനത്തില്‍ അധികസമയം ഞങ്ങള്‍ തങ്ങിയില്ല. ഉച്ചയ്ക്ക് കൊല്ലത്തെത്തണമല്ലോ. അവിടെയാണ് ഭക്ഷണം ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. വേഗത്തില്‍ ഞങ്ങള്‍ പുറപ്പെട്ടു. കാറിലുള്ള ആ യാത്ര വളരെ രസപ്രദമായിരുന്നു. തകഴിയും വയലാറും ചേര്‍ന്ന് അനേകം കാര്യങ്ങളെപ്പറ്റി നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ആ സംസാരത്തില്‍ വ്യക്തികള്‍ കടന്നുവന്നു. രാഷ്ട്രീയം കടന്നുവന്നു. സാഹിത്യം കടന്നുവന്നു. നിസ്സാരമെങ്കിലും ഹൃദ്യമായ ഫലിതങ്ങളും കടന്നുവന്നു. ടി.വി.തോമസ് കുറച്ചേറെ നേരം അവരുടെ സംഭാഷണവിഷയമായിരുന്നു. രണ്ടുപേരുടെ വാക്കുകളിലും ടി.വി.യുടെ നേര്‍ക്കുള്ള ‘അഡ്മിറേഷന്‍’ കലര്‍ന്നിരുന്നു. ഓര്‍ക്കുമ്പോഴൊക്കെയും ചിരിച്ചുപോകുന്ന തരത്തില്‍ ടി.വി.പറഞ്ഞിട്ടുള്ള ഫലിതങ്ങള്‍ വയലാര്‍ വിസ്തരിച്ചു കേള്‍പ്പിച്ചു. ചിരി അത്രയധികം വശമില്ലാത്ത ഞാന്‍ അന്ന് ചിരിച്ചുചിരിച്ച് വശംകെട്ടുപോയി. അതിനിടയില്‍, എന്നെക്കൊണ്ടു വര്‍ത്തമാനം പറയിക്കുന്നതിനായിരിക്കാം, വയലാര്‍ എന്റെ നേര്‍ക്കു തിരിഞ്ഞിട്ടു പറഞ്ഞു: ‘മാസ്റ്ററുടെ ശത്രുവിനെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു.’ ‘ശത്രു ആരെന്ന് എനിക്കു നിശ്ചയമില്ലല്ലോ,’ ഞാന്‍ പറഞ്ഞു. ‘നമ്മുടെ കാലത്തിന്റെ പ്രത്യേകത അതാണ്. ശത്രുവും മിത്രവും ആരൊക്കെയാണെന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസം.’ ‘അതു വാസ്തവംതന്നെ,’ എന്നു പറഞ്ഞതിനുശേഷം വയലാര്‍ എന്റെ ശത്രുവിന്റെ പേരു പറഞ്ഞു. അദ്ദേഹം എന്നെക്കുറിച്ചു പറഞ്ഞ ദൂഷ്യങ്ങളും പരാതികളുമെന്തെല്ലാമെന്ന് ലഘുവായി വിവരിക്കുകയും ചെയ്തു. അതു കേട്ടപ്പോള്‍ എനിക്കു ചിരിയാണ് വന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇതു നോക്കണേ, ദൂഷ്യങ്ങള്‍ കേട്ടപ്പോള്‍ ഒരാള്‍ ചിരിക്കുന്നു! എന്താണ് മാസ്റ്റര്‍ക്ക് ദേഷ്യം വരാത്തത്?’ ‘ശത്രുക്കളാണ് നമുക്ക് ഉപകാരം ചെയ്യുന്നത്,’ ഞാന്‍ പറഞ്ഞു, ‘ഈ അവസ്ഥയിലെങ്കിലും ഞാന്‍ എത്തിച്ചേര്‍ന്നത് എന്റെ ശത്രുക്കള്‍ മൂലമാണ്. അപ്പോള്‍ ദേഷ്യപ്പെടുകയാണോ വേണ്ടത്?’ ‘അതു ശരിയാണ്,’ വയലാര്‍ പറഞ്ഞു, ‘എന്റെ ശത്രുക്കളാണ് ആദ്യം എന്നെ പ്രശസ്തനാക്കിയത്. ഇപ്പോഴും അവര്‍ എന്റെ പ്രശസ്തി നിലനിര്‍ത്താനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു.’ അതിനുശേഷം, അദ്ദേഹം തനിക്കെതിരേ സാഹിത്യരംഗത്തു നടക്കുന്ന അപവാദപ്രചരണത്തെക്കുറിച്ച് വാചാലമായി സംസാരിച്ചു. തന്റെ കവിതയ്‌ക്കെതിരായും അതു നടക്കുന്നുണ്ട്. അക്കാര്യം പറഞ്ഞപ്പോള്‍ വയലാര്‍ വികാരാധീനനായി. ജാതിബോധംപോലും തനിക്കെതിരേ ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘അതു കൊള്ളാമല്ലോ,’ ഞാന്‍ പറഞ്ഞു, ‘ശത്രുക്കള്‍ എപ്പോഴും നമ്മെ ഓര്‍മിച്ചുകൊണ്ടിരിക്കുന്നു. മിത്രങ്ങളല്ലേ മറക്കുന്നത്?’ ‘വളരെ ശരി. നമ്മെ ഓര്‍ക്കാനുള്ള കഴിവ് ശത്രുക്കള്‍ക്കേ ഉള്ളൂ!’ ‘മറ്റൊരു ഗുണവും അവരെക്കൊണ്ട് നമുക്കുണ്ട്,’ ഞാന്‍ പറഞ്ഞു, ‘നമ്മുടെ ന്യൂനതകളും പോരായ്മകളും അവര്‍ ചൂണ്ടിക്കാണിച്ചുതരുന്നു. അവരങ്ങനെ ചെയ്തില്ലെങ്കില്‍ സ്വയം മെച്ചപ്പെടാന്‍ നമുക്കു കഴിയുകയില്ല.’ ‘ദൈവമേ, മിത്രങ്ങളില്‍നിന്ന് എന്നെ രക്ഷിക്കണേ, ശത്രുക്കളെ ഞാന്‍ നോക്കിക്കൊള്ളാം.’ എന്ന വോള്‍ട്ടയറിന്റെ പ്രാര്‍ഥനയെക്കുറിച്ച് ഞാന്‍ ഓര്‍മിപ്പിച്ചു. അതുവരെ, കുട്ടികളുടെ വര്‍ത്തമാനം കേട്ടിരിക്കുന്ന കാരണവരെപ്പോലെ, നിശ്ശബ്ദനായിക്കഴിഞ്ഞ തകഴി അപ്പോള്‍ പറഞ്ഞു: ‘വോള്‍ട്ടയര്‍ ആള്‍ ഭയങ്കരന്‍. അയാള്‍ക്കു മാത്രമേ അതു പറയാന്‍ സാധിക്കയുള്ളൂ.’ ആ വാക്കുകളില്‍ വയലാറിലും ഉന്മേഷം വര്‍ധിപ്പിച്ചു. അതിന്റെ അര്‍ഥവ്യാപ്തി ഒന്നിനൊന്നു വര്‍ധിക്കുന്നതായി ഞങ്ങള്‍ക്കു തോന്നി. ജീവിതത്തിലെ പ്രാതികൂല്യങ്ങളെന്നപോലെ, ശത്രുക്കളും നമുക്കു ഗുണമാണ് ചെയ്യുക. ഭൗതികമായ അഭിവൃദ്ധിയോ നേട്ടങ്ങളോ ആധാരമാക്കി ആലോചിക്കരുതെന്നേയുള്ളൂ. മാനസികമായും ആത്മീയമായും ഒന്നിനൊന്നു ശുദ്ധി നേടണമെങ്കില്‍ ധാരാളം പ്രതികൂലവിമര്‍ശനങ്ങള്‍ നാം അഭിമുഖീകരിക്കുകതന്നെ വേണം. ഇങ്ങനെയെല്ലാം ഞങ്ങള്‍ സംസാരിക്കുന്നതിനിടയ്ക്ക് വയലാര്‍ ഒരു സംശയമെടുത്തിട്ടു. ‘വിമര്‍ശിക്കുന്നതിനു പകരം ആളുകള്‍ നുണ പറഞ്ഞുപരത്തിയാലോ? അതു നല്ലതാണെന്ന് നിങ്ങള്‍ പറയുമോ?’ ‘എന്താ, രാമവര്‍മയെക്കുറിച്ച് വല്ലവരും നുണകള്‍ പരത്തുന്നുണ്ടോ?’ ‘ഉണ്ട്. ധാരാളം നുണകള്‍.’ കുറച്ചു നുണകള്‍ അദ്ദേഹം വിവരിച്ചു കേള്‍പ്പിച്ചു. അവയെല്ലാം ശുദ്ധനുണകളായിരുന്നു. എങ്കിലും, കുറച്ചുപേര്‍ അതെങ്ങനെ പറഞ്ഞുപരത്തുന്നു എന്ന് കേട്ടതില്‍ എനിക്ക് അദ്ഭുതം തോന്നിയില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു: ‘നമ്മുടെ ഖ്യാതി വര്‍ധിപ്പിക്കുകയല്ലേ അവര്‍ ചെയ്യുന്നത്?’ ‘നല്ല ഖ്യാതി!’ അദ്ദേഹത്തിന്റെ സ്വരത്തില്‍ അമര്‍ഷം കലര്‍ന്നു, ‘ചെവിക്കുറ്റിക്ക് നല്ല അടി വെച്ച് കൊടുക്കണം.’ ആ രോഷപ്രകടനവും എനിക്കു ഫലിതമായാണ് തോന്നിയത്. എന്റെ ആ രീതി വയലാറിന് ഇഷ്ടമായില്ല. അദ്ദേഹം പറഞ്ഞു: ‘നിങ്ങളെപ്പോലുള്ളവര്‍ ഇതു കളിയായി കാണുന്നതാണ് മനസ്സിലാകാത്തത്. നിങ്ങളെക്കുറിച്ച് ആരെങ്കിലും പറഞ്ഞെങ്കിലേ നൊമ്പരമറിയൂ.’ ‘അപ്പോള്‍ എന്നെപ്പറ്റി ആരും ഒന്നും പറയുന്നില്ലെന്നാണോ? അതൊക്കെ ഒരുവഴിക്കു നടക്കും. രാമവര്‍മേ. അതെക്കുറിച്ച് ആലോചിച്ചിട്ടെന്തു കാര്യം? ഇതാണ് എന്റെ മനോഭാവം.’ ‘അവന്മാരൊക്കെ എന്തും പറയട്ടെ. പക്ഷേ, മറ്റുള്ളവര്‍ തെറ്റിദ്ധരിച്ച് നമ്മളുമായി പിണങ്ങുന്ന രീതിയില്‍ പറയുമ്പോഴാണ് കുഴപ്പം.’ വയലാര്‍ പറഞ്ഞു. ‘ഞാന്‍ പ്രാംസഗികരെയെല്ലാം അടച്ചാക്ഷേപിച്ചു എന്നു മാസ്റ്റര്‍ തന്നെ കേട്ടില്ലേ? അങ്ങനെ നുണപറയാമോ?’ പെരുമ്പാവൂരിനടുത്ത് ഒരു സമ്മേളനത്തില്‍ താന്‍ ചെയ്ത പ്രസംഗത്തിന്റെ കഥയാണ് ഇവിടെ വയലാര്‍ രാമവര്‍മ സൂചിപ്പിച്ചത്. പ്രസംഗം എന്ന ഏര്‍പ്പാടിനെ അപലപിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിനു പോകാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. ഭാരവാഹികള്‍ ഏറെ സമ്മര്‍ദം ചെലുത്തിയതുകൊണ്ടുമാത്രം ഇവിടെ വന്നുചേര്‍ന്നെന്നേയുള്ളൂ. ഇപ്രകാരം പറഞ്ഞതിനുശേഷം, അദ്ദേഹം തുടര്‍ന്നു: ‘എന്നാല്‍ പ്രസംഗം ചെയ്യാതെ ജീവിക്കാന്‍ വയ്യാത്ത കുറച്ചുപേര്‍ ഇവിടെയുണ്ട്. പ്രസംഗമെന്നു കേട്ടാല്‍, ജീവനുണ്ടെങ്കില്‍ അവര്‍ എഴുന്നേറ്റ് വന്നെത്തും. പ്രശസ്തനായ ഒരു പ്രസംഗകന്റെ പേര് ഉദാഹരണമായി അദ്ദേഹം പറയുകയും ചെയ്തു. ചെറിയൊരു കഥ പറഞ്ഞുകൊണ്ടാണ്, പ്രസംഗം ചെയ്യാന്‍ ചിലര്‍ കാണിക്കുന്ന ഭ്രമത്തെ അദ്ദേഹം കളിയാക്കിയത്. കഥ ഇതാണ്: വഴിവക്കില്‍ ഒരാള്‍ കിടക്കുന്നു. അനക്കമില്ല. ശ്വാസോച്ഛ്വാസത്തിന്റെ ലക്ഷണവുമില്ല. മരിച്ചുകാണും. ദേഹത്ത് പൂണൂല്‍ ഉള്ളതുകൊണ്ട് ആള്‍ ബ്രാഹ്മണനാണെന്ന് ഊഹിക്കാം. ചുറ്റിനും ആളുകള്‍ കൂടുകയും മരിച്ചോ ഇല്ലയോ എന്നറിയാതെ വിഷമിക്കുകയും ചെയ്യുന്നു. അപ്പോള്‍, വീണുകിടക്കുന്ന ആ മനുഷ്യന്റെ അരികിലേക്ക് ഒരാള്‍ നടന്നുചെന്നു. അയാള്‍ കുനിഞ്ഞിരുന്ന് ആ മനുഷ്യന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ഒരു നിമിഷം കാത്തതിനുശേഷം അയാള്‍ എഴുന്നേറ്റുനിന്നിട്ടു പറഞ്ഞു: ‘ആള്‍ മരിച്ചുപോയി.’ കൂടിനിന്നവരില്‍ മറ്റൊരാള്‍ ചോദിച്ചു, ‘നിങ്ങളെന്താണ് ചെവിയില്‍ പറഞ്ഞത്?’ അതു കേട്ടപ്പോള്‍, മരിച്ചുപോയ വിവരം പ്രഖ്യാപിച്ച ആള്‍ ഒരു ജ്ഞാനിയുടെ ഭാവത്തില്‍ പറഞ്ഞു: ‘അടുത്ത ക്ഷേത്രത്തില്‍ സദ്യയുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അതു കേള്‍ക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ബ്രാഹ്മണന്‍ എഴുന്നേറ്റുവരും.’ ഇതുപോലെയാണ് ചിലര്‍, പ്രസംഗമുണ്ടെന്നു കേട്ടാല്‍ ഉടനെ എഴുന്നേറ്റുവരുന്നത്!’ വയലാറിന്റെ ഈ പ്രസംഗം പലര്‍ക്കും ‘ഏല്ക്കു’മെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ ഏല്ക്കുന്നവരുടെ കൂട്ടത്തില്‍ ഈ ഞാനും പെട്ടുകൂടായ്കയില്ല. എന്നെയും അതിലുള്‍പ്പെടുത്തി ചിലര്‍ കളിയാക്കിയതായി വയലാറിനറിയാം. അതോര്‍മിച്ചുകൊണ്ടാണ് അപ്പോള്‍ അദ്ദേഹം അക്കാര്യമെടുത്തിട്ടത്. ഞാന്‍ പറഞ്ഞു: ‘ഇത് എന്നെ തെല്ലും ബാധിക്കുന്നില്ല. ഏതായാലും ചിലര്‍ക്കങ്ങനെ നുണ പറഞ്ഞേ തീരൂ എന്നുണ്ടെങ്കില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?’ ‘അതാണ് ചെവിക്കുറ്റിക്ക് രണ്ടു കൊടുക്കണമെന്ന് ഞാന്‍ പറയുന്നത്.’ ഇപ്രകാരം പലതും പറഞ്ഞുകൊണ്ടിരുന്നതുകൊണ്ട് ഞങ്ങള്‍ കൊല്ലത്തെത്തിയതറിഞ്ഞില്ല. അവിടെ ഹോട്ടലില്‍ ഊണ് ഏര്‍പ്പാട് ചെയ്തിരുന്നു. തോപ്പില്‍ ഭാസിയും വേറെ രണ്ടുപേരുംകൂടി ഞങ്ങളെ പ്രതീക്ഷിച്ച് നില്ക്കുന്നുണ്ടായിരുന്നു. എല്ലാവരും ഉന്മേഷഭരിതരായി. ഫലിതങ്ങള്‍, പൊട്ടിച്ചിരികള്‍, ഉല്ലാസത്തിന്റെ അന്തരീക്ഷം. വയലാറിന്റെ ‘ഭാസ്‌കര’ എന്ന വിളി ‘തിരുമേനീ’ എന്ന് സംബോധന ചെയ്യുന്ന തോപ്പില്‍ ഭാസി. ഒരു നാടകരംഗത്തിന്റെ പ്രതീതി. ആ അന്തരീക്ഷം അത്രമാത്രം ഹൃദ്യമാക്കിയത് അവര്‍ക്കിടയില്‍ നിലനിന്ന സ്‌നേഹത്തിന്റെ ശുദ്ധിയും ദാര്‍ഢ്യവുമാണ്. അതിനിടയില്‍ വീണ്ടും വയലാര്‍ രാമവര്‍മ ഗൗരവമുള്ള വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. സിനിമാപ്പാട്ടുകള്‍ കവിതയായി അംഗീകരിക്കാന്‍ പലരും കാണിക്കുന്ന വൈമനസ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പരാതി. വൈമനസ്യം കാണിക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹം എന്നെയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു സ്​പഷ്ടം. അതു മനസ്സിലാക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു: ‘പാടിക്കേട്ടല്ല, വായിച്ചുനോക്കിയാണ് കവിതയുടെ ഗുണം ഞാന്‍ നിശ്ചയിക്കുന്നത്. കവിതയില്‍ സംഗീതമുണ്ട്. പക്ഷേ, അതു ബാഹ്യകര്‍ണങ്ങള്‍ക്കുള്ള സംഗീതമല്ല. ആന്തരീകസംഗീതമെന്നു പറയാം. അര്‍ഥത്തിന്റെ സംഗീതമെന്നും.’ ‘എന്റെ പാട്ടുകള്‍ക്ക് ആ ഗുണമില്ലാന്നാണോ മാസ്റ്റര്‍ പറയുന്നത്?’ ‘ഞാനൊന്നും പറഞ്ഞില്ലല്ലോ. രാമവര്‍മയുടെ കുറച്ചു പാട്ടുകളേ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളൂ. അവയില്‍ ചിലത് വായിച്ചുനോക്കിയിട്ടുമുണ്ട്. അവയിലെ അര്‍ഥ ചാരുത അരസികനായ എന്നെപ്പോലും രസിപ്പിച്ചു. ഇത്രയും പറഞ്ഞാല്‍ പോരേ?’ ‘നല്ല അരസികന്‍!’ വയലാര്‍ എന്റെ അടുത്തുവന്ന് എന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദം പ്രകടമാക്കി, ഒരു ശിശുവിനെപ്പോലെ. കൊല്ലത്തുനിന്ന്, ഉച്ചഭക്ഷണത്തിനുശേഷം, മയ്യനാട്ടേക്ക് തിരിക്കുമ്പോള്‍ വയലാര്‍ രാമവര്‍മ എന്നോടു ചേര്‍ന്നിരുന്നിട്ട് ചോദിച്ചു: ‘എന്തു വിഷയത്തെക്കുറിച്ചാണ് പ്രസംഗിക്കാന്‍ പോകുന്നത്?’ ഞാന്‍ പറഞ്ഞു: ‘ഒന്നും അറിഞ്ഞുകൂടാ. എഴുന്നേറ്റു നില്ക്കുമ്പോള്‍ എന്തെങ്കിലും തോന്നാതിരിക്കുകയില്ല. അതങ്ങ് പറയും. അത്രതന്നെ.’ ‘വെറുതെ എന്തിനാണ് ഞങ്ങളെ കളിപ്പിക്കുന്നത്?’ വയലാര്‍ പറഞ്ഞു: ‘വിഷയം നിശ്ചയിക്കുകയും ആശയങ്ങള്‍ ക്രമീകരിക്കുകയും ചെയ്തുകൊണ്ടല്ലാതെ നിങ്ങള്‍ വരികയില്ലെന്ന് ഞങ്ങള്‍ക്കറിയാമല്ലോ. എത്ര പ്രാവശ്യം നമ്മളൊരുമിച്ച് പ്രസംഗിച്ചിരിക്കുന്നു.’ ആ വാക്കുകള്‍ തകഴിയും ശരിവെച്ചു. മുന്‍കൂട്ടി പഠിച്ച് തയ്യാറെടുത്തതിനുശേഷമേ ഞാന്‍ പ്രസംഗത്തിനു പോകൂ എന്ന് പ്രസംഗം കേട്ടാലറിയാമത്രേ. അവര്‍ക്കു മാത്രമല്ല, മറ്റു പലര്‍ക്കും അതേ അഭിപ്രായം തന്നെയാണുള്ളതെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. ഏറ്റവും വലിയ ‘അതോറിറ്റി’യായി വയലാര്‍ അപ്പോള്‍ ഉദ്ധരിച്ചത് കെ. ബാലകൃഷ്ണനെയാണ്. ‘ബാലന്‍ ഈയിടെയും നിങ്ങളുടെ പ്രസംഗത്തെക്കുറിച്ച് സംസാരിച്ചു. ഏതു സമ്മേളനത്തിലായാലും ആശയങ്ങള്‍ ക്രമീകരിച്ച് ശക്തിയായി നിങ്ങള്‍ പ്രസംഗിക്കുമെന്ന്’ വയലാര്‍ പറഞ്ഞു. ‘എന്റെ തൊഴിലെന്താണെന്നറിഞ്ഞുകൂടേ?’ ഞാന്‍ പറഞ്ഞു. ‘ആശയങ്ങള്‍ ക്രമീകരിച്ച് കുട്ടികളുടെ മുന്‍പിലവതരിപ്പിക്കാതെ അധ്യാപകര്‍ക്ക് രക്ഷയില്ല. ആ ശിക്ഷണം പ്രസംഗത്തിലേക്കുകൂടി വ്യാപിക്കുന്നതായിരിക്കാം.’ ‘അപ്പോള്‍ മുന്‍കൂട്ടി ആലോചിക്കാറില്ലെന്നാണോ പറയുന്നത്?’ ‘അല്ല,’ ഞാന്‍ പറഞ്ഞു, ‘മുന്‍കൂട്ടി തയ്യാറെടുക്കും, സമയം കിട്ടിയാല്‍. മനസ്സില്‍ ഒരു ക്രമീകരണം വരുത്തുകയും ചെയ്യും. അതിനുശേഷമാണ് ഒട്ടുമിക്കപ്പോഴും പ്രസംഗിക്കുക. ചിലപ്പോള്‍, ആലോചിച്ചുറപ്പിച്ചുെവച്ചത് പറയുകയേയില്ല. പ്രസംഗം വേറൊരു വഴിക്കു തിരിഞ്ഞുപോകും. എല്ലാവരുടെ അനുഭവവും ഇങ്ങനെയാകണമെന്നില്ല.’ ‘എന്റെ രീതി വേറൊന്നാണ്,’ തകഴി പറഞ്ഞു, ‘പറയണമെന്ന് ഉദ്ദേശിക്കുന്നതേ ഞാന്‍ പറയൂ.’ ‘കേള്‍ക്കുമ്പോള്‍ അതു ബോധ്യമാകും. സമചിത്തതയോടുകൂടി അപഗ്രഥനാത്മകമായി ആശയങ്ങള്‍ അവതരിപ്പിക്കുന്ന പ്രസംഗമാണത്. ആവേശത്തിനോ വികാരപരമായ അംശത്തിനോ അവിടെ വലിയ പ്രസ്‌ക്തിയില്ല.’ ‘അപ്പോള്‍ എന്റെ പ്രസംഗത്തെക്കുറിച്ച് മാസ്റ്റര്‍ക്കെന്താണഭിപ്രായം?’ വയലാര്‍ ചോദിച്ചു. ‘തുറന്നുപറയുന്നതില്‍ കുഴപ്പമുണ്ടോ?’ ‘ഇല്ല. സ്വകാര്യത്തില്‍ തുറന്നുപറഞ്ഞാലല്ലേ എന്തെങ്കിലും പ്രയോജനമുണ്ടാകൂ.’ ‘രാമവര്‍മ ഒരിക്കലും വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. വാക്കുകള്‍ ഒഴുകിവരുന്നു. അലങ്കാരങ്ങളും. എങ്കിലും പ്രസംഗത്തിനു ലക്ഷ്യമുള്ളതായി എനിക്കു തോന്നിയിട്ടില്ല.’ ‘എന്നുവെച്ചാല്‍?’ ‘ഒരു വാദം സമര്‍ഥിക്കുകയോ ആശയം കേള്‍വിക്കാരുടെ മനസ്സില്‍ ഉറപ്പിക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടില്ല എന്നര്‍ഥം.’ ‘അങ്ങനെ ഞാന്‍ ശ്രമിക്കാറില്ല. പ്രസംഗത്തില്‍ അതിന്റെ ആവശ്യമുണ്ടോ?’ ‘ഉണ്ടെന്ന പക്ഷക്കാരനാണ് ഞാന്‍.’ ‘അതു കൊള്ളാമല്ലോ. അങ്ങനെ ആശയം പറയാന്‍ തുടങ്ങിയാല്‍ ആളുകള്‍ ഉറങ്ങുകയില്ലേ?’ ‘ഉറങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല. ഗദ്യത്തിന്റെ കരുത്തിനു കാരണം ഉശൃലരലേറ വേശിസശിഴ ആണെന്ന് ഒരു വിമര്‍ശകന്‍ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ സ്വീകരിക്കുന്നു. നല്ല പ്രസംഗത്തിനും അതു ബാധകമാണ്.’ ‘അപ്പോള്‍ നമ്മുടെ പ്രസംഗം നല്ലതല്ലെന്നാണോ മാസ്റ്റര്‍ക്കഭിപ്രായം.’ ‘നല്ലതല്ലെന്നല്ല പറയുന്നത്. നല്ലതല്ലെങ്കില്‍ ഇങ്ങനെ ആളുകള്‍ കേട്ടുകൊണ്ടിരിക്കയില്ലല്ലോ. പക്ഷേ, ഞാന്‍ ഏറെ മാനിക്കുന്നത് ലക്ഷ്യമുള്ള പ്രസംഗമാണെന്നുമാത്രം. കേള്‍വിക്കാരുടെ കൈയടിയല്ല അക്കാര്യത്തില്‍ മാനദണ്ഡമെന്ന് ഞാന്‍ കരുതുന്നു. പ്രസംഗത്തെ ചെവിയുടെ കലയായിമാത്രം കണക്കാക്കുന്നത് ശരിയല്ല.’ അങ്ങനെയങ്ങനെ പ്രസംഗകലയെക്കുറിച്ചു സംസാരിച്ചുകൊണ്ട് ഞങ്ങള്‍ മയ്യനാട്ടെത്തുമ്പോഴുണ്ട്, പുഞ്ചിരിക്കുന്ന മുഖവുമായി രണ്ടുകൈകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, കെ ബാലകൃഷ്ണന്‍ ഞങ്ങളെ സ്വാഗതം ചെയ്തു നില്ക്കുന്നു! വീണ്ടും ആശ്ലേഷം, ആഹ്ലാദപ്രകടനം, ഫലിതങ്ങള്‍! അന്ന് പ്രസംഗപീഠത്തിലും അവര്‍ അടുത്തടുത്താണിരുന്നത്. സ്വകാര്യമായി ധാരാളം തമാശകള്‍ പറഞ്ഞുകൊണ്ട് ഇടയ്ക്ക് അല്പം ഒച്ചവെക്കാതെയുമിരുന്നില്ല. അന്ന് അവര്‍ ചെയ്ത പ്രസംഗങ്ങളില്‍ ഓര്‍മവയ്ക്കാവുന്നതായ കാര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും, സദസ്സ് അത്യധികം സന്തോഷിക്കുന്നതായും അവരെ അഭിനന്ദിക്കുന്നതായും തോന്നി. വയലാര്‍ രാമവര്‍മ അന്ന് പ്രത്യേക ‘ഫോ’മിലായിരുന്നു. ഇടയ്ക്കിടെ ഫലിതം വിതറുകയും ആവേശംകൊള്ളുകയും ചെയ്തുകൊണ്ട് അദ്ദേഹം പ്രസംഗിക്കുന്നതിനിടയില്‍ സദസ്സ് ചിരിക്കുകയും കൈയടിക്കുകയുമെല്ലാം ചെയ്തു. ആ വാക്പ്രവാഹത്തില്‍ പലരും അന്തംവിട്ടിരിക്കുന്നതായും തോന്നി. കെ ബാലകൃഷ്ണന്‍ അന്ന് പ്രസംഗിക്കുക മാത്രമല്ല, പാട്ടുപാടുകകൂടി ചെയ്തു. അതിനൊരു പശ്ചാത്തലമുണ്ട്. കുമാരനാശാന്റെ ‘ദിവ്യകോകിലം’ എന്ന കവിത – അവ്യയനാമീശന്റെയാരാമരത്‌നം തന്നില്‍…. എന്നാരംഭിക്കുന്ന കവിത സി.കേശവന്‍ ആലാപിച്ചതിന്റെ ഒരു ‘കാസറ്റ്’ അന്ന് അവിടെ സദസ്യരെ കേള്‍പ്പിച്ചിരുന്നു. ടാഗോര്‍ കേരളം സന്ദര്‍ശിച്ചവേളയില്‍ ആ കവിത പാടിയത് യുവാവായ സി.കേശവനായിരുന്നു. അന്ന് ‘റിക്കോര്‍ഡ്’ ചെയ്യുന്ന സമ്പ്രദായമൊന്നുമില്ലല്ലോ, പില്ക്കാലത്ത്, വാര്‍ധക്യത്തിലേക്കു കടക്കുന്ന ഘട്ടത്തില്‍, സി. കേശവന്‍ സിങ്കപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ആ കവിത ഒന്നുകൂടി പാടിക്കേള്‍ക്കണമെന്ന് ചിലര്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അതനുസരിച്ച് അദ്ദേഹം പാടുകയും അത് അവര്‍ ‘റിക്കോര്‍ഡ്’ ചെയ്യുകയും ചെയ്തു. അക്കാര്യം അറിയിച്ചുകൊണ്ടാണ് ആ ‘കാസറ്റ്’ സദസ്യരെ കേള്‍പ്പിച്ചത്. അപ്പോള്‍, കെ.ബാലകൃഷ്ണന് ഒരു മോഹം. ആ കവിത അതേ രീതിയില്‍ തനിക്കും ഒന്നു പാടണമെന്ന്. ആ മോഹത്തിന്റെ പ്രേരണയാലാണ് അദ്ദേഹം തന്റെ പ്രസംഗത്തിനുശേഷം ആ കവിത ആലപിച്ചത്. അന്ന് അദ്ദേഹത്തിന്റെ പ്രസംഗവും പാട്ടും സാധാരണരീതിക്കൊത്ത് ഉയര്‍ന്നില്ല. എങ്കിലും ആളുകള്‍ ശ്രദ്ധയോടുകൂടി അതെല്ലാം കേട്ടുകൊണ്ടിരുന്നു. അദ്ദേഹം ഗൗരവമായി എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ അതു ഫലിതമണെന്നു തെറ്റിദ്ധരിച്ച് അവര്‍ ചിരിക്കുകയും ചെയ്തു!…. സമ്മേളനം അവസാനിച്ചതോടുകൂടി സുഹൃത്തുക്കളെല്ലാവരും ഒരുമിച്ചുകൂടി. കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍, തകഴിയെയും വയലാറിനെയും കൂടാതെ മറ്റു രസികന്മാരും ആ സംഘത്തില്‍ ചേര്‍ന്നു. സാവധാനത്തില്‍ അവര്‍ നര്‍മസല്ലാപങ്ങളിലേക്കും തമാശകളിലേക്കും കടന്നപ്പോള്‍ പരിപാടി കുറച്ചേറെ നീണ്ടുപോകുമെന്ന് എനിക്കു മനസ്സിലായി. എനിക്കാണെങ്കില്‍ എറണാകുളത്തേക്കു പോയേ തീരൂ. അപ്പോള്‍ത്തന്നെ രാത്രി ഒമ്പതു മണി കഴിഞ്ഞിരിക്കുന്നു. ആ സാഹചര്യത്തില്‍ എനിക്ക് ഒരു ഉപായം തോന്നി. കൂടെ വന്നവരോട് ഒന്നും പറയാതെ എറണാകുളത്തേക്ക് മടങ്ങുക. അവരോടു യാത്ര പറയാന്‍ നിന്നാല്‍ എനിക്കു മടങ്ങാന്‍ സാധിക്കയില്ലെന്ന് അറിയാമായിരുന്നു. അവര്‍ക്കുവേണ്ടി മറ്റൊരു കാര്‍ ഏര്‍പ്പാടുചെയ്യാന്‍ ഭാരവാഹികള്‍ക്കു പ്രയാസമുണ്ടാവുകയില്ല. അങ്ങനെ ഞാനൊറ്റയ്ക്കു മടങ്ങിപ്പോന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും വയലാറുമായി ഞാന്‍ കണ്ടുമുട്ടി. എറണാകുളത്തെ ഒരു വലിയ ഹോട്ടലില്‍ ഒരു സുഹൃത്തിനെ കാണുന്നതിനുവേണ്ടി ചെന്നതായിരുന്നു ഞാന്‍. അപ്പോള്‍, അതാ, അവിടെയിരിക്കുന്നു വയലാറും സംഘവും. പതിവിലേറെ ഉന്‍മേഷത്തോടുകൂടിയാണ് അപ്പോള്‍ അദ്ദേഹം കാണപ്പെട്ടത്. സാഹിത്യകാരന്മാര്‍കൂടിയുള്ള ആ സംഘത്തില്‍ അദ്ദേഹം ആധിപത്യം ചെലുത്തുന്നതുപോലെ തോന്നി. എന്നല്ല, അല്പം ആക്രമണോത്സുകമായ ഒരു ഭാവമാണ് അദ്ദേഹത്തില്‍ തെളിഞ്ഞുകണ്ടതും. എനിക്ക് അല്പം ആശങ്ക തോന്നാതിരുന്നില്ല. ഒരക്ഷരംപോലും പറയാതെ മയ്യനാട്ടുനിന്നും ഞാന്‍ മടങ്ങിയതുമൂലം അദ്ദേഹത്തിനു നീരസം തോന്നിയിരിക്കുമെന്നും, അത് അദ്ദേഹം ആ അവസരത്തില്‍ പ്രകടിപ്പിക്കുമെന്നും വിചാരിച്ചുപോയതില്‍നിന്നുണ്ടായ ആശങ്കയാണത്. പക്ഷേ, എന്നെ തികച്ചും നിര്‍വീര്യനാക്കുന്ന രീതിയിലാണ് അദ്ദേഹം പെരുമാറിയത്. കണ്ട ഉടനെതന്നെ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ഒരു രക്ഷകര്‍ത്താവിന്റെ ഭാവത്തില്‍ അദ്ദേഹം ചോദിച്ചു: ‘അന്ന് അധികം വൈകാതെ വീട്ടിലെത്തിയോ?’ ‘വെളുപ്പിന് രണ്ടരമണിയോടെ ഞാനവിടെ എത്തി,’ എന്ന് ഞാന്‍ പറഞ്ഞത് അപരാധിയുടെ ഭാവത്തോടെയായിരുന്നു. വയലാറും തകഴിയും എപ്പോള്‍ മടങ്ങിയെന്നറിയാന്‍ എനിക്കാഗ്രഹം തോന്നി. എങ്കിലും ചോദിക്കാന്‍ ധൈര്യം കിട്ടിയില്ല. ചോദിക്കാതെതന്നെ വയലാര്‍ അക്കാര്യം പറഞ്ഞു: ‘ഞങ്ങള്‍ വെളുപ്പിനുമാത്രമേ പിരിഞ്ഞുള്ളൂ. മയ്യനാട്ട് നല്ല രസമായിരുന്നു.’ ഞാന്‍ ചോദിച്ചു, ‘നിങ്ങള്‍ക്കെന്നോട് ദേഷ്യം തോന്നിയോ?’ ‘ദേഷ്യമോ?’ വയലാര്‍ പറഞ്ഞു. ‘ഞങ്ങളോടൊപ്പം നിന്നാല്‍ മാസ്റ്റര്‍ക്ക് അന്നു മടങ്ങാന്‍ കഴിയാതെ വരുമെന്ന് ഞങ്ങള്‍ക്കറിയാമല്ലോ.’ ഒന്നു നിര്‍ത്തിയതിനുശേഷം അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ‘നിങ്ങള്‍ അധ്യാപകരാണല്ലോ, ശകാരിക്കാന്‍ അവകാശമുള്ളവര്‍. അതെല്ലാം ഞങ്ങള്‍ സഹിച്ചുകൊള്ളാം.’ പഴയ ഒരു സംഭവം മുന്‍നിര്‍ത്തിയാണ് വയലാര്‍ അപ്രകാരം പറഞ്ഞത്. മഹാരാജാസ് കോളേജില്‍ ഒരിക്കല്‍ ചെറിയൊരു സമ്മേളനം നടത്തി. കുട്ടികൃഷ്ണമാരാര് സ്ഥലത്തുണ്ടെന്നറിഞ്ഞ് ഏതാനും കുട്ടികള്‍ എന്നെ സമീപിച്ച്, അദ്ദേഹത്തെ ഒരു പ്രസംഗത്തിനു ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് അദ്ദേഹത്തെ ഞാന്‍ ക്ഷണിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് ആ സമ്മേളനം ഏര്‍പ്പാട് ചെയ്തത്. പക്ഷേ, അതു നടക്കേണ്ട സമയമായപ്പോള്‍, വയലാര്‍ രാമവര്‍മയും എറണാകുളത്തുണ്ടെന്ന് കുട്ടികള്‍ക്ക് അറിവു കിട്ടി. അവര്‍ ഉടനെതന്നെ പോയി അദ്ദേഹത്തെയും പ്രസംഗത്തിനായി പിടിച്ചുകൊണ്ടുവന്നു. അങ്ങനെ സമ്മേളനത്തില്‍ പ്രസംഗകര്‍ രണ്ടുപേരായി. വയലാര്‍ പ്രസംഗിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ കുറച്ചേറെ കുട്ടികള്‍ സമ്മേളനത്തിനു വന്നുചേര്‍ന്നു. ആദ്യം പ്രസംഗിച്ചതു മാരാരാണ്. അദ്ദേഹത്തിന്റെ പ്രാധാന്യം അറിയുന്നവര്‍ കുട്ടികള്‍ക്കിടയില്‍ വളരെ കുറച്ചുപേരല്ലേ ഉള്ളൂ? അദ്ദേഹത്തിന്റെ പ്രസംഗമാണെങ്കില്‍ ബാഹ്യമോടിയോ ധാടിയോ ഒന്നുമില്ലാത്തതുമാണ്. അന്ന് അദ്ദേഹം ആധുനികശാസ്ത്രത്തിനെതിരേയാണ് സംസാരിച്ചതും. സനാതനമായ സത്യം അറിയാന്‍ നാം ഭഗവദ്ഗീതയെയാണ് സമീപിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോള്‍, സദസ്സിലെ ചില കുട്ടികള്‍ അല്പം കലപിലയുണ്ടാക്കി. അതു കണ്ടപ്പോള്‍ മാരാര്‍ക്കു ദേഷ്യംവന്നു. അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ ഇഷ്ടത്തിനൊത്ത് പറയാനല്ല ഞാന്‍ വന്നത്. എന്റെ അഭിപ്രായം പറയാനാണ്. അതു കേള്‍ക്കേണ്ടെങ്കില്‍ വേണ്ട.’ പെട്ടെന്ന് അദ്ദേഹം പ്രസംഗം നിര്‍ത്തിക്കളഞ്ഞു. പിന്നാലെ വന്ന വയലാര്‍ രാമവര്‍മ പ്രസംഗം തുടങ്ങിയത് മാരാരെ അല്പം കളിയാക്കിക്കൊണ്ടാണ്. സദസ്സിലിരുന്ന് കുട്ടികള്‍ ചിരിക്കുകയും ചെയ്തു. അതിനുശേഷമാകട്ടെ, കുട്ടികളുടെ ഇഷ്ടത്തിനൊത്ത് ചില നിസ്സാരകാര്യങ്ങള്‍ പറയുകയേ അദ്ദേഹം ചെയ്തുള്ളൂ. അത് മാരാരില്‍ വേദനയും രോഷവും ഉളവാക്കി എന്നു സ്​പഷ്ടം. വിനയത്തോടെ ക്ഷണിച്ചുകൊണ്ടുവന്ന ആ വിശിഷ്ടാതിഥിയുടെ നേര്‍ക്ക് അങ്ങനെയൊരു പെരുമാറ്റമുണ്ടായതില്‍ എനിക്കും വലിയ വിഷമം തോന്നി. പ്രസംഗം കഴിഞ്ഞ് സ്റ്റാഫ്‌റൂമിലെത്തിയപ്പോള്‍ എന്റെ വിഷമം വയലാറിന്റെ നേര്‍ക്കുള്ള ദേഷ്യമായി പുറത്തേക്കു ചാടി. മാരാരെപ്പോലെ ബഹുമാന്യനായ ഒരു വ്യക്തിയെക്കുറിച്ച് ആ സ്വരത്തില്‍ സംസാരിച്ചത് തികഞ്ഞ മര്യാദകേടാണെന്ന് ഞാന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ വയലാറിന് ഒരു ഭാവഭേദവുമുണ്ടായില്ല എന്നത് വീണ്ടും എന്നെ വിഷമത്തിലാക്കി. മാരാരുടെ നേര്‍ക്കു തിരിഞ്ഞ് വയലാര്‍ പറഞ്ഞു: ‘അങ്ങ് എന്റെ ഗുരുവാണ്. ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍…’ ‘ഏയ്, ഒന്നുമില്ല.’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ട ചുമതല മാരാര്‍ക്ക് ഏറ്റെടുക്കേണ്ടതായി വന്നതു കണ്ട് ഞാന്‍ ചിരിച്ചുപോയി! ‘വിമര്‍ശകനും കവിയും പരസ്​പരപൂരകങ്ങളാണെന്നു പറയുന്നതിന്റെ അര്‍ഥം ഇപ്പോഴാണ് പിടികിട്ടിയത്.’ ഞാന്‍ പറഞ്ഞു. ഇപ്രകാരം രമ്യതയിലാണ് ഞങ്ങള്‍ അന്ന് പിരിഞ്ഞതെങ്കിലും, അനിയന്ത്രിതമായി ഞാന്‍ പറഞ്ഞുപോയ ശകാരവാക്കുകള്‍ വയലാറിന്റെ ഓര്‍മയില്‍ തങ്ങിനില്ക്കുകതന്നെ ചെയ്തു. മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം അതേക്കുറിച്ച് തമാശയായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം അക്കാര്യമാണ് സൂചിപ്പിച്ചത്. ആ സൂചനയ്ക്കു മുന്നില്‍ എന്നിലെ ബലം ചോര്‍ന്നുപോകുന്നതായി എനിക്കനുഭവപ്പെടുകയും ചെയ്തു. പിന്നീട് ഒരിക്കല്‍ മാത്രമേ വയലാര്‍ രാമവര്‍മയെ ഞാന്‍ ശരിക്കു കണ്ടിട്ടുള്ളൂ. പല ദിക്കുകളില്‍െവച്ച് ഞങ്ങള്‍ സന്ധിച്ചെങ്കിലും കൂടുതല്‍ ഇടപഴകാന്‍ അവസരം കിട്ടുകയുണ്ടായില്ല. ഇപ്രാവശ്യം അദ്ദേഹത്തെ അസ്വാസ്ഥ്യം ബാധിച്ചിരിക്കുന്നതായി ഞാന്‍ കണ്ടു. തനിക്കു നല്ല സുഖമില്ല, പല പ്രശ്‌നങ്ങളും നേരിടേണ്ടിയിരിക്കുന്നു എന്നെല്ലാം ഗൗരവത്തോടുകൂടി അദ്ദേഹം പറഞ്ഞു. കുറച്ചങ്ങു പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹം സാധാരണനിലയിലായി. പിന്നെ സംസാരം സാഹിത്യത്തിലേക്കു തിരിഞ്ഞു. താന്‍ ഒരു മഹാകാവ്യരചനയുടെ പരിശ്രമത്തിലേര്‍പ്പെട്ടിരിക്കയാണ്. അതിനാവശ്യമായ വായനയും പഠനവും ചിന്തയും നടന്നുകൊണ്ടിരിക്കുന്നു. തമിഴിലെ മുതിര്‍ന്ന കവികളുമായി അതേക്കുറിച്ച് പല ചര്‍ച്ചകളിലുമേര്‍പ്പെട്ടു. ഇനിയും ചര്‍ച്ചകള്‍ തുടരും. ഇപ്രകാരം പലതും അദ്ദേഹം അന്നു പറഞ്ഞു. പിന്നീട്, വയലാര്‍ രാമവര്‍മ തിരുവനന്തപുരം ആസ്​പത്രിയില്‍ അത്യാസന്നനിലയില്‍ കിടക്കുന്ന വാര്‍ത്തയാണ് ഒരു ദിവസം ഞാന്‍ കേള്‍ക്കുന്നത്. തുടര്‍ന്നു സംഭവിച്ചതെന്തൊക്കെയാണെന്ന് ഏവര്‍ക്കുമറിയാവുന്നതാണല്ലോ. കേരളജനതയുടെ കണ്ണിലുണ്ണിയായി മാറിയ ആ കവിയുടെ മൃതദേഹം അകലെനിന്ന് കാണാന്‍ മാത്രമേ എനിക്ക് കഴിവുണ്ടായിരുന്നുള്ളൂ. ആ കവിഹൃദയത്തില്‍ രൂപംപൂണ്ടു വന്ന സങ്കല്പവും അഭിലാഷവും സാക്ഷാത്കൃതമായിരുന്നെങ്കില്‍ മലയാളകാവ്യം എത്രമേല്‍ സമ്പന്നമാകുമായിരുന്നു എന്ന വിചാരം, അപ്പോള്‍, എന്റെ ശോകത്തിന്റെ ഭാഗമായിരുന്നു. എങ്കിലും ഒരു ചക്രവര്‍ത്തിയുടേതുപോലുള്ള ആ അന്ത്യയാത്രയില്‍ വയലാറിന്റെ ദേഹവിയോഹംമൂലം ഒരു ജനത അനുഭവിക്കുന്ന ദുഃഖത്തിന്റെ മഹാകാവ്യം അടങ്ങിയിരുന്നു. (കുപ്പിച്ചില്ലുകളും റോസാദലങ്ങളും എന്ന പുസ്തകത്തില്‍ നിന്ന്) ==========================================

ജ്വലിക്കാൻ മാത്രമായ് ഒരു വെളിച്ചം


ജ്വലിക്കാൻ മാത്രമായ്  ഒരു വെളിച്ചം 


ഈ ചരിത്ര നിശീധിനിയിൽ ഞാൻ  

ചിറകറ്റ മോഹങ്ങളായി വീണു 

ഉയിര്ത്തെഴുന്നെറ്റ് പാറിപറക്കാൻ 

ഒരിത്തിരി വെളിച്ചം തരൂ...